മീ ടൂ: ബോളിവുഡ് സെലിബ്രിറ്റി മാനേജർ ജീവനൊടുക്കാൻ ശ്രമിച്ചു

മുംബൈ∙ 'മീ ടൂ' വഴി ലൈംഗിക അതിക്രമ ആരോപണം നേരിട്ട ബോളിവുഡിലെ സെലിബ്രിറ്റി മാനേജർ ആത്മഹത്യയ്ക്കു ശ്രമിച്ചു. വാശി കടലിടുക്കിലെ പഴയ പാലത്തിൽ നിന്നു ചാടി ജീവനൊടുക്കാൻ ശ്രമിച്ച അനിർബാൻ ദാസ് ബ്ലാഹ് (39) എന്ന സെലിബ്രിറ്റി മാനേജരെ പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ക്വാൻ എന്റർടെയ്ൻമെന്റ് എന്ന സെലിബ്രിറ്റി മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ സഹസ്ഥാപകനായ അനിർബാന് എതിരെ നാലു സ്ത്രീകൾ ആരോപണം ഉന്നയിച്ചിരുന്നു. ഇതോടെ സ്ഥാപനത്തിൽനിന്നു വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടു. രൺബീർ കപുർ, ദീപിക പദുക്കോൺ, സോനം കപുർ, ഋതിക് റോഷൻ തുടങ്ങിയ താരങ്ങൾ ക്വാൻ എന്റർടെയ്ൻമെന്റിന്റെ സേവനം ഉപയോഗിച്ചിരുന്നു.

ഇതിനിടെ,  ഒട്ടേറെ സ്ത്രീകൾ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ചതിനെ തുടർന്നു കാസ്റ്റിങ് ഡയറക്ടർ മുകേഷ് ഛാബ്രയെ 'ദ് ഫോൾട് ഇൻ അവർ സ്റ്റാർസ്' എന്ന ഇംഗ്ലിഷ് സിനിമയുടെ ഹിന്ദി റിമേക്കിന്റെ സംവിധാന ചുമതലയിൽ നിന്ന് നിർമാതാക്കളായ ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ഒഴിവാക്കി. നാലു നടിമാരാണു ഛാബ്രയ്ക്കും മറ്റൊരു കാസ്റ്റിങ് ഡയറക്ടർ വിക്കി സാദനയ്ക്കും എതിരെ ആരോപണം ഉന്നയിച്ചത്.

ഇതിനിടെ, നടി തനുശ്രീദത്ത ഉന്നയിച്ച ലൈംഗിക അതിക്രമ ആരോപണങ്ങൾ അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്നു നടൻ നാന പടേക്കർ സിനി ആൻഡ് ടിവി ആർടിസ്റ്റ്‌സ് അസോസിയേഷൻ (സിന്റ്) അയച്ച നോട്ടിസിനു മറുപടി നൽകി.