Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിബിഐയിൽ പാതിരാ ‘അട്ടിമറി’ ; ഒരു വെടിക്ക് രണ്ടു പക്ഷി

cbi-cartoon

ന്യൂഡൽഹി∙ സിബിഐയുടെ തലപ്പത്തെ തമ്മിലടി രൂക്ഷമായതിനു പിന്നാലെ, ഡയറക്ടർ അലോക് വർമയെയും സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയെയും കേന്ദ്ര സർക്കാർ പുറത്താക്കി. ഇരുവർക്കും നിർബന്ധിത അവധി നൽകിയശേഷം, ജോയിന്റ് ഡയറക്ടർ എം. നാഗേശ്വർ റാവുവിനെ താൽക്കാലിക ഡയറക്ടറാക്കി.

പുലർച്ചെ ഒന്നിനു റാവു ചുമതലയേറ്റതിനു പിന്നാലെ, വർമയോട് അടുപ്പമുള്ള 13 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. അസ്താനയ്ക്കെതിരായ കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ തലവനെ ആൻഡമാനിലേക്കും മറ്റു 2 പേരെ നാഗ്പുർ, ജബൽപുർ എന്നിവിടങ്ങളിലേക്കുമാണു മാറ്റിയത്. വർമയുടെയും അസ്താനയുടെയും ഓഫിസുകൾ മുദ്രവച്ചു. അസ്താന കേസ് അന്വേഷിക്കാൻ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ മേൽനോട്ടത്തിൽ പുതിയ സംഘത്തിനും രൂപം നൽകി.

alok-asthana-rao അലോക് വർമ, രാകേഷ് അസ്താന, എം. നാഗേശ്വർ റാവു

നടപടിക്കെതിരെ അലോക് വർമ സുപ്രീം കോടതിയിൽ നൽകിയ ഹർജി നാളെ പരിഗണിക്കും. റഫാൽ അഴിമതി അന്വേഷിക്കാനുള്ള വർമയുടെ ശ്രമം അട്ടിമറിക്കാനാണു നടപടിയെന്ന ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, പ്രശാന്ത് ഭൂഷൺ എന്നിവർ രംഗത്തെത്തി. ഉന്നതർക്കെതിരായ കേസുകളിൽ അസ്താന ഇടപെട്ടിരുന്നുവെന്നു വർമയുടെ ഹർജിയിലും ആരോപിച്ചിട്ടുണ്ട്.

അതേസമയം, തമ്മിലടി മൂലം സിബിഐക്കു നഷ്ടമായ വിശ്വാസ്യത വീണ്ടെടുക്കാനാണു നടപടിയെന്നു കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലി അവകാശപ്പെട്ടു. ഇരുവർക്കുമെതിരെ സുതാര്യ അന്വേഷണത്തിനായി കേന്ദ്ര വിജിലൻസ് കമ്മിഷണർ കെ.വി. ചൗധരിയാണു നിർബന്ധിത അവധി ശുപാർശ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭയുടെ നിയമനകാര്യ സമിതി ഇതംഗീകരിച്ചു. 

സിബിഐ അന്വേഷണത്തിൽനിന്ന് ഒഴിവാക്കാൻ വ്യവസായി സതീഷ് സനയിൽ നിന്നു 2 കോടി രൂപ കൈപ്പറ്റിയെന്ന കേസിലാണി രാകേഷ് അസ്താന അന്വേഷണം നേരിടുന്നത്. 

അസ്താനയും വർമയും തമ്മിലുള്ള പരസ്യയുദ്ധത്തിന്റെ തുടർച്ചയായിരുന്നു ഈ കേസ്. സിബിഐ തന്നെ സ്വന്തം സ്പെഷൽ ഡയറക്ടർക്കെതിരെ കേസെടുക്കുകയും റെയ്ഡ് നടത്തുകയും ചെയ്തതു സർക്കാരിന്റെ ഇടപെടൽ അനിവാര്യമാക്കുകയും ചെയ്തു. 

ഓപ്പറേഷൻ സിബിഐ

55 വർഷത്തെ ചരിത്രത്തിലുണ്ടായിട്ടില്ലാത്ത അസാധാരണ സംഭവവികാസങ്ങൾക്കാണു സിബിഐ ആസ്ഥാനം ചൊവ്വാഴ്ച അർധരാത്രിക്കു ശേഷം സാക്ഷ്യം വഹിച്ചത്. അലോക് വർമയെയും രാകേഷ് അസ്താനയെയും നീക്കാൻ  സന്ധ്യയോടെയാണു കേന്ദ്ര വിജിലൻസ് കമ്മിഷൻ പ്രധാനമന്ത്രിയോട് ശുപാർശ ചെയ്തത്. നടപടികൾ അർധരാത്രിയിൽ മതിയെന്നു കേന്ദ്രമന്ത്രിസഭയുടെ നിയമനകാര്യ സമിതി തീരുമാനിച്ചു.

തുടർന്നുള്ള മണിക്കൂറുകളിങ്ങനെ:

പുലർച്ചെ 1.00

നടപടി വിവരം വർമയെയും അസ്താനയെയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ‍ അറിയിച്ചു. ഇതേസമയം നാഗേശ്വർ റാവു ചുമതലയേറ്റു. 

1.15 – 1.45

സിബിഐ ആസ്ഥാനത്ത് 10, 11 നിലകളിലായുള്ള വർമയുടെയും അസ്താനയുടെയും ഓഫിസുകൾ പരിശോധിക്കാനും മുദ്ര വയ്ക്കാനും റാവുവിന്റെ നിർദേശം. 

2.00

അസ്താന കേസിൽ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന ജോയിന്റ് ഡയറക്ടർ എ.കെ. ശർമ, ഡിഐജി മനീഷ് സിൻഹ തുടങ്ങി വർമയോട് അടുപ്പമുള്ള 13 പേർക്കു സ്ഥലംമാറ്റം.