Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഞ്ഞടിച്ച് ഗജ; 28 മരണം; തമിഴ്നാട്ടിൽ കനത്ത നാശം, ആയിരക്കണക്കിനു വീടുകൾ തകർന്നു

Velankanni-church-after-cyclone-gaja വീശിയടിച്ച ഗജ ചുഴലിക്കാറ്റിൽ വേളാങ്കണ്ണി കൊച്ചു പള്ളിയുടെ സമീപം മരം കടപുഴകിയപ്പോൾ.

ചെന്നൈ ∙ തമിഴ്നാടിന്റെ വടക്കൻ തീരത്തു സംഹാര താണ്ഡവമാടിയ ഗജ ചുഴലിക്കാറ്റിൽ 28 പേർ മരിച്ചു. മരണ സംഖ്യ ഇനിയും ഉയർന്നേക്കും. സർക്കാർ ഇതുവരെ സ്ഥിരീകരിച്ചതു 16 മരണം. കനത്ത മഴയ്ക്കൊപ്പം 9 മണിക്കൂർ ആഞ്ഞടിച്ച ചുഴലിയിൽ തമിഴ്നാട്ടിലെ നാഗപട്ടണം, തിരുവാരൂർ, പുതുച്ചേരിയിലെ കാരയ്ക്കൽ ജില്ലകളിൽ കനത്ത നാശം. തഞ്ചാവൂർ, കടലൂർ, പുതുക്കോട്ട, ഡിണ്ടിഗൽ, വിരുദുനഗർ, ശിവഗംഗ, മധുര ജില്ലകളെയും ബാധിച്ചു.

ആറു ജില്ലകളിലായി 81,948 പേരെ 471 പുനരധിവാസ കേന്ദ്രങ്ങളിലേക്കു മാറ്റി. ആയിരക്കണക്കിനു വീടുകൾ തകർന്നു. കാൽലക്ഷം വൈദ്യുതി പോസ്റ്റുകളും ലക്ഷത്തിലേറെ മരങ്ങളും കടപുഴകി. നാഗപട്ടണത്തും കാരയ്ക്കലിലും പരക്കെ റോഡിൽ മരം വീണു ഗതാഗതം സ്തംഭിച്ചു. ആയിരത്തിലേറെ കന്നുകാലികൾ ചത്തു. മുൻകരുതലായി വ്യാഴാഴ്ച രാത്രി ഏഴിനു വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. മന്ത്രിമാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതം.

എന്നാൽ നാഗപട്ടണത്തും കാരയ്ക്കലിലും പല ദുരന്തബാധിത പ്രദേശങ്ങളിലേക്കും ഇതുവരെ രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. ഈ മേഖലകൾ സാധാരണ നിലയിലേക്കു മടങ്ങാൻ ആഴ്ചകളെടുക്കും. ലക്ഷക്കണക്കിന് ഏക്കർ കൃഷി നശിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്കു തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

വേളാങ്കണ്ണി പള്ളിയിലും നാശം

ലോക പ്രശസ്ത തീർഥാടന കേന്ദ്രമായ വേളാങ്കണ്ണിപ്പള്ളിയിലും നാശനഷ്ടം. ഇവിടെയുള്ള, ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമയ്ക്കു കേടുപാടു പറ്റി. ഒരുമാസം മുൻപാണു പ്രതിമ സ്ഥാപിച്ചത്. മരം കടപുഴകി വീണു പള്ളിയുടെ ചുമരിനും ഗോപുരത്തിനു മുകളിലെ കുരിശിനും കേടുപാടുണ്ട്. മേഖലയിലെ ഒട്ടേറെ വീടുകളും കടകളും തകർന്നു.
നാഗപട്ടണത്തു ട്രെയിൻ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലിറങ്ങേണ്ട, ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം കൊച്ചിയിലേക്കു തിരിച്ചുവിട്ടു.