ഇനി മൽസരിക്കാനില്ല: സുഷമ സ്വരാജ്

സുഷമ സ്വരാജ്

ന്യൂഡൽഹി ∙ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു ബിജെപിയുടെ മുതിർന്ന നേതാവും വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ്. ആരോഗ്യകാരണങ്ങളാലാണു തീരുമാനമെന്നു ഭോപാലിലെ വാർത്താ സമ്മേളനത്തിൽ സുഷമ വിശദീകരിച്ചു. കുറച്ചു നാൾ മുൻപു വൃക്ക മാറ്റിവച്ച ശേഷം അനുദിന ‌രാഷ്ട്രീയത്തിൽ ഒരു ചുവടു പിന്നാക്കം വച്ചിരുന്നു അവർ. ലോക്സഭാ പോരാട്ടത്തിനില്ല എന്നതിനർഥം, രാഷ്ട്രീയത്തിൽ നിന്നുള്ള പിൻമാറ്റമാണെന്നു വ്യാഖ്യാനിക്കാറായിട്ടില്ല. അവർക്കു മുന്നിൽ രാ‌ജ്യസഭയുടെ വാതിൽ തുറന്നുകിടക്കുന്നു.

ബിജെപിയുടെ 4 കേന്ദ്ര സർക്കാരുകളിലും മന്ത്രിയായ ഏക ബി‌ജെപി നേതാവാണ് സുഷമ. കോൺഗ്രസിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം. വാക്കിലും നോക്കിലും തീപ്പൊരിയായ സുഷമ, 1999 ൽ കർണാടകയിലെ ബള്ളാരിയിൽ കോൺഗ്രസ് കോട്ടയിൽ സോണിയാ ഗാന്ധിക്കെതിരെ പൊരുതി വീണത് നിറം മങ്ങാത്ത രാഷ്ട്രീയചിത്രം. അന്നു കന്നട പഠിച്ച്, കന്നടയിൽ പ്രസംഗിച്ച്, ബള്ളാരി ഉഴുതുമറിച്ചു, സുഷമ. 5 വർഷത്തിനു ശേഷം, സോണിയ പ്രധാനമന്ത്രിയായാൽ തല മുണ്ഡനം ചെയ്യുമെന്നു ഭീഷണി മുഴക്കിയും അവർ ബിജെപി രാഷ്ട്രീയത്തിൽ തലയുയർത്തി.

∙ ആദ്യ മത്സരം 25–ാം വയസിൽ. 1977 ൽ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ അംബാല കന്റോൺമെന്റിൽ കോൺഗ്രസിലെ ദേവ് രാജ് ആനന്ദിനെ 9,824 വോട്ടിന് തോൽപിച്ചു കന്നി ജയം.

∙ അന്ന് സംസ്ഥാന തൊഴിൽമന്ത്രി

∙രണ്ടു വട്ടം ഹരിയാന നിയമസഭയിലും ഒരു വട്ടം ഡൽഹി നിയമസഭയിലും അംഗം. ഡൽഹിയിൽ എടുത്തു പറയാൻ നേതാക്കളില്ലാതിരുന്നപ്പോഴാണു ബി‌ജെപി സുഷമയെ തലസ്ഥാനത്തേയ്ക്കു നിയോഗിച്ചത്. ഒരിക്കൽ ഡൽഹി മു‌ഖ്യമന്ത്രിയുമായി. ലോക്സഭയിലേയ്ക്കു ജയിച്ചതു 4 തവണ. രാജ്യസഭാംഗമായതു 3 തവണയും.