Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഖ് വിരുദ്ധ കലാപത്തിലെ പ്രതിക്കു വധശിക്ഷ

Anti-sikh-riot-death-sentance-happy വൈകിയെത്തിയ നീതി: സിഖ് വിരുദ്ധ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ പ്രതിക്കു വധശിക്ഷ ലഭിച്ച വാർത്തയറിഞ്ഞ് പട്യാല ഹൗസ് കോടതിവളപ്പി‍ൽ. ചിത്രം: പിടിഐ

ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടർന്ന് 1984 ൽ നടന്ന സിഖ് വിരുദ്ധ കലാപത്തിലെ പ്രതിക്കു വധശിക്ഷ. സൗത്ത് ഡൽഹിയിലെ മഹിപാൽപുരിൽ ഹർദേവ് സിങ്, അവതാർ സിങ് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി യശ്പാൽ സിങ്ങിനാണ് അഡീഷനൽ സെഷൻസ് ജഡ്ജി അജയ് പാണ്ഡെ വധശിക്ഷ വിധിച്ചത്. കൂട്ടുപ്രതി നരേഷ് ഷെറാവത്തിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. പ്രതികൾ 35 ലക്ഷം രൂപ വീതം പിഴയടയ്ക്കണം. കൊല്ലപ്പെട്ട ഹർദേവ് സിങ്ങിന്റെ സഹോദരൻ സന്തോഖ് സിങ് നൽകിയ കേസിലാണ് ഉത്തരവ്.

തിഹാർ ജയിലിൽ കനത്ത സുരക്ഷയിലാണു ശിക്ഷ വിധിച്ചത്. ഈയിടെ പട്യാലഹൗസ് കോടതിയിൽ ഹാജരാക്കാനെത്തിയപ്പോൾ യശ്പാൽ സിങ്ങിനെ ബിജെപി നേതാവ് മഞ്ജിന്ദർ സിങ് സിർസ മർദിച്ചതിനെ തുടർന്നാണു വിധി പറയുന്നത് ജയിലിലേക്കു മാറ്റിയത്. യശ്പാൽ സിങ് (58) ട്രാൻസ്പോർട്ട് കമ്പനി ഉടമയും നരേഷ് ഷെറാവത്ത് (68) മുൻ പോസ്റ്റ് മാസ്റ്ററുമാണ്.  1984 നവംബർ ഒന്നിനാണു സംഭവം. ആയിരത്തോളം വരുന്ന സംഘമാണു കൊല്ലപ്പെട്ടവർ ഉൾപ്പെടെയുള്ള സിഖുകാരെ ആക്രമിച്ചത്. കടകൾ കത്തിച്ച സംഘം മുറിക്കുള്ളിൽ കയറി ഒളിച്ച ഇവരെ മർദിച്ചും കുത്തിയും മാരകമായി പരുക്കേൽപ്പിച്ചശേഷം കെട്ടിടത്തിന്റെ മുകളിൽനിന്നു തള്ളിയിട്ടെന്നാണു കേസ്.

തെളിവില്ലെന്ന കാരണത്താൽ ഡൽഹി പൊലീസ് 1994 ൽ കേസ് അവസാനിപ്പിച്ചെങ്കിലും 2015 ൽ കേന്ദ്ര സർക്കാർ രൂപീകരിച്ച പ്രത്യേക സംഘം (എസ്ഐടി) അന്വേഷണം ഏറ്റെടുത്തതോടെയാണു പ്രതികളെ പിടികൂടിയത്. എസ്ഐടി അന്വേഷണം ഏറ്റെടുത്തശേഷമുള്ള ആദ്യ വധശിക്ഷയാണിത്.  കോൺഗ്രസ് നേതാക്കളായ മുൻ കേന്ദ്രമന്ത്രി ജഗദീഷ് ടൈറ്റ്‍ലർ, സജ്ജൻ കുമാർ എന്നിവരാണു കലാപത്തിനു നേതൃത്വം നൽകിയതെന്ന ആരോപണം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു.

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്, കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ എന്നിവർ വിധിയെ സ്വാഗതം ചെയ്തു. കേന്ദ്ര സർക്കാരിന്റെ ശ്രമഫലമായാണു വൈകിയെങ്കിലും നീതി കിട്ടിയതെന്നും ജഗദീഷ് ടൈറ്റ്ലർ ഉൾപ്പെടെയുള്ള മറ്റു പ്രതികൾക്കും ശിക്ഷ വൈകില്ലെന്നാണു പ്രതീക്ഷയെന്നും ഹർസിമ്രത് കൗർ പറഞ്ഞു.

ഇന്ത്യയുടെ ഹൃദയത്തിലെ മുറിപ്പാട്

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നാണ് 1984 ലെ സിഖ് വിരുദ്ധ കലാപം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടർന്നു ഡൽഹി കേന്ദ്രീകരിച്ച് സിഖ് സമുദായാംഗങ്ങൾക്കെതിരെ വ്യാപകമായ അക്രമങ്ങളുണ്ടായി. സിഖുകാർ പൊതുനിരത്തുകളിലും വീടുകളിലും ആക്രമിക്കപ്പെട്ടു. ഒട്ടേറെ പേർ ചുട്ടെരിക്കപ്പെട്ടു. 2733 പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കെങ്കിലും മരണസംഖ്യ ഇതിലും കൂടുതലാണെന്നു കരുതപ്പെടുന്നു. രാഷ്ട്രപതിയായിരുന്ന സെയിൽസിങ്ങിന്റെ ഒൗദ്യോഗിക വാഹനത്തിനു നേരെ വരെ കല്ലേറുണ്ടായി.

സജ്ജൻകുമാർ, ജഗ്‌ദീഷ് ടൈറ്റ്‌ലർ, എച്ച്.കെ.എൽ. ഭഗത്, ലളിത് മാക്കൻ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ കലാപങ്ങൾക്കും കൂട്ടക്കൊലയ്ക്കും നേതൃത്വം നൽകിയെന്ന് ആരോപണമുയർന്നു.
കലാപത്തെക്കുറിച്ച് ആദ്യം ജസ്‌റ്റിസ് രംഗനാഥ മിശ്ര കമ്മിഷൻ അന്വേഷണം നടത്തിയിരുന്നു. ഇതു തൃപ്‌തികരമല്ലെന്നു പരാതി ഉയർന്നതിനെ തുടർന്നു 2000 ൽ ജസ്‌റ്റിസ് ജി.ടി. നാനാവതി കമ്മിഷൻ അന്വേഷിച്ചു. 1984 ലെ കലാപത്തിനു പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് 2005 ൽ ലോക്സഭയിൽ മാപ്പു പറഞ്ഞിരുന്നു.