Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജ്മേർ ദർഗ സ്ഫോടനം: സുരേഷ് നായർക്ക് സന്യാസി വേഷം, പേര് ഉദയ് ഗുരുജി

Suresh-Nair

അഹമ്മദാബാദ്∙ അജ്മേർ ദർഗ സ്ഫോടനക്കേസ് പ്രതി സുരേഷ് നായരെ ഗുജറാത്ത് ഭീകരവിരുദ്ധ സേന ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) കൈമാറി. പ്രതിയെ മിർസാപുർ കോടതിയിൽ ഹാജരാക്കിയപ്പോഴാണു വിട്ടുകിട്ടണമെന്ന ആവശ്യം എൻഐഎ ഉന്നയിച്ചത്. സുരേഷിനെ 2 ദിവസത്തെ റിമാൻ‍ഡിൽ ജയ്പുരിലേക്കു കൊണ്ടുപോയി. 

സ്ഫോടനത്തിനു ശേഷമുള്ള 11 വർഷം സുരേഷ് ഗുജറാത്തിലെ ആരാധനാലയങ്ങൾ താവളമാക്കി ഒളിവിൽ കഴിഞ്ഞിരുന്നത് ഉദയ് ഗുരുജി എന്ന കള്ളപ്പേരിലാണെന്നു വ്യക്തമായി. സന്യാസി വേഷത്തിലായിരുന്നു. സഹപ്രതികളെ ചോദ്യം ചെയ്യുമ്പോൾ സുരേഷ് നായർ എന്ന പേര് ഉയർന്നുവരുമെന്നു ബോധ്യപ്പെട്ടതിനാലായിരുന്നു പേരു മാറ്റം. ഖേഡ ജില്ലയിലെ തസാറയിൽ അമ്മയും സഹോദരനും ഉണ്ടായിരുന്നെങ്കിലും പൊലീസ് നിരീക്ഷണമുണ്ടാവുമെന്ന സംശയത്തിൽ അങ്ങോട്ടു പോകാറില്ല. 

ഭറൂച്ചിലെ ശുക്ലതീർത്ഥ ആരാധനാകേന്ദ്രത്തിൽ ഇയാൾ വരുമെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് സേന വലയൊരുക്കിയത്. കാത്തിരുന്ന പൊലീസിനു പെട്ടെന്നു സുരേഷിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. താടിയും മുടിയും നീട്ടിയ നിലയിൽ യഥാർഥ രൂപത്തിൽ നിന്ന് ഏറെ മാറുകയും ചെയ്തിരുന്നു. 

കേസിൽ ജയ്പുർ എൻഐഎ കോടതി 2017 ൽ വിധി പ്രസ്താവിച്ചിരുന്നെങ്കിലും രാംജി കൽസംഗ്ര, സന്ദീപ് ദാംഗെ എന്നീ പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ആർഎസ്എസ് നേതാക്കളായ ഭാവേശ് പട്ടേൽ, ദേവേന്ദ്ര ഗുപ്ത എന്നിവരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ ജാമ്യത്തിലിറങ്ങിയ പട്ടേലിനു ഭറൂച്ചിൽ വൻവരവേൽപ്പാണു നൽകിയത്. ഘോഷയാത്രയിൽ മുനിസിപ്പാലിറ്റി അധ്യക്ഷനും ബിജെപി നേതാവുമായ സുരഭിബെൻ തമാകുവാല, കൗൺസിലർ മാരുതിസിങ് അട്ടോദാരിയ, വിഎച്ച്പി നേതാവ് വിരാൽ ദേശായി തുടങ്ങിയവർ പങ്കെടുത്തു.