യുപി: പൊലീസ് വാഹനത്തിൽ നിന്ന് വലിച്ചിറക്കി യുവാവിനെ തല്ലിക്കൊന്നു

ലക്നൗ ∙ ഉത്തർപ്രദേശിലെ ശ്യാംലി ജില്ലയിൽ ജനക്കൂട്ടം യുവാവിനെ പൊലീസ് വാഹനത്തിൽനിന്നു വലിച്ചിറക്കി  തല്ലിക്കൊന്നു. ഹത്ചോയ ഗ്രാമത്തിൽ കഴിഞ്ഞ തിങ്കളാഴ്ച രാജേന്ദ്ര (മനു– 26) എന്ന യുവാവാണു കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷൻ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി.

പൊലീസ് വാഹനത്തിന്റെ വാതിൽ തുറന്ന് നിന്ന് പിടിച്ചിറക്കി 6 പേർ രാജേന്ദ്രയെ മർദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ നടപടി. 

വാഹനത്തിൽ പൊലീസുകാരന്റെ സമീപം ഇരിക്കുന്ന രാജേന്ദ്രയെ നീല ഷർട്ടിട്ട യുവാവ് മർദിക്കുന്നതും പൊലീസുകാരൻ കൈകൾ ബലമായി പിടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. ഇതേസമയം, കസ്റ്റഡിയിൽ നിന്നു ചാടിപ്പോയ യുവാവ് പിന്നീടു കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് ആദ്യം അറിയിച്ചത്. പിന്നീട്, വീടിന്റെ മുകളിൽ നിന്ന് വീണുമരിച്ചുവെന്നു തിരുത്തി. 

രാജേന്ദ്രയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 6 പേർക്കെതിരെ കേസെടുത്തു. ഇതേസമയം, വ്യാജ ഏറ്റുമുട്ടലിലൂടെ എതിരാളികളെ വകവരുത്തുന്നതു ബിജെപി സർക്കാരിന്റെ രീതിയാണെന്നു പ്രതിപക്ഷ പാർട്ടികളായ എസ്പിയും കോൺഗ്രസും ആരോപിച്ചു.