Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് ജയം കാത്ത് താടി; ശപഥം ജയിക്കുമെന്ന ആത്മവിശ്വാസത്തിൽ ടിപിസിസി പ്രസിഡന്റ്

Nalamada-Uttam-Kumar-Reddy-telangana തെലങ്കാന പിസിസി പ്രസിഡന്റ് ഉത്തംകുമാർ റെഡ്ഡി ഹുസൂർനഗർ മണ്ഡലത്തിൽ പ്രചാരണത്തിനിടെ. ചിത്രം: ടോണി ഡൊമിനിക്∙ മനോരമ

ഉത്തംകുമാർ റെഡ്ഡി പഴയൊരു ശപഥത്തിന്റെ ഓർമയിൽ, വളർന്നിറങ്ങിയ താടി തടവി. ‘ഈ ഇലക്‌ഷനുലു കോൺഗ്രസ് പാർട്ടി ഗെലുസ്തുന്തി, തർവാഥാ നേനു ഗഡ്ഡം തേസ്താനു...’ അതായത്, ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി ജയിച്ചാലേ, ഞാനെന്റെ താടി വടിക്കുകയുള്ളു..’ ടിആർഎസിന്റെ അഴിമതി പോലെ വളരുകയാണു തന്റെ താടിയെന്നു തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡന്റിന് ഉറപ്പുണ്ട്. ആ അഴിമതി തുടച്ചുനീക്കുമ്പോഴേ താടി വടിക്കൂ എന്നാണു ശപഥം.

തെലങ്കാനയുടെ പാലക്കാട് ആണ് ഉത്തംകുമാർ റെഡ്ഡിയുടെ മണ്ഡലമായ ഹുസൂർ നഗർ. നിറയെ പാടശേഖരങ്ങളും ഇടയ്ക്കിടെ കരിമ്പനകളും. കൊയ്ത്തുകഴിഞ്ഞു പാടത്തുനിന്നു നെല്ല് ചാക്കിൽകെട്ടി ലോറികളിലും ട്രാക്ടറുകളിലും കയറ്റിവിടുന്നു. ഏഴിനു തിരഞ്ഞെടുപ്പു കഴിയുമ്പോൾ ടിആർഎസിനെയും ഇതുപോലെ കെട്ടുകെട്ടിക്കാനാണു ടിപിസിസി പ്രസിഡന്റിന്റെ മോഹം. കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യമായ മഹാകൂടമി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

എന്നാൽ ഭൂരിപക്ഷം കിട്ടിയാൽ ഉത്തംകുമാർ റെഡ്ഡി മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹം ശക്തമാണ്. 2 വർഷം മുൻപു ‘ടെറർ’ എന്ന തെലുങ്കു സിനിമയിൽ റെഡ്ഡി മുഖ്യമന്ത്രിയായി അതിഥിവേഷത്തിലെത്തിയിരുന്നു. സിനിമ ജീവിതമാകുമോയെന്നു കണ്ടറിയാം. ഹുസൂർ നഗറിന്റെ തൊട്ടടുത്ത മണ്ഡലമായ കോദാട് മത്സരിക്കുന്നത് ഉത്തംകുമാറിന്റെ ഭാര്യ പത്മാവതിയാണ്.

∙ നിലംതൊടാതെ പറക്കുന്ന മുഖ്യൻ

ഉത്തംകുമാർ പഴയ ഫൈറ്റർ പൈലറ്റ് ആണെങ്കിലും ഇപ്പോൾ തെലങ്കാനയിൽ നിലംതൊടാതെ പറക്കുന്നത് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു (കെസിആർ) ആണ്. തെലങ്കാന രാഷ്ട്രസമിതിയുടെ (ടിആർഎസ്) താരപ്രചാരകനായ കെസിആർ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ശേഷം എൺ‍പതിലധികം കേന്ദ്രങ്ങളിലാണു ഹെലികോപ്റ്ററിൽ പ്രചാരണത്തിനെത്തിയത്.

26 മണ്ഡലങ്ങളിൽ പാർട്ടിയുടെ നില പരുങ്ങലിലാണെന്ന സൂചന വന്നതോടെ തന്റെ വിശ്വസ്തനായ മന്ത്രി ടി. ഹരീഷ് റാവുവിനും ഹെലികോപ്റ്റർ നൽകി കൂടുതൽ മണ്ഡലങ്ങളിലേക്ക് അയച്ചു. കോൺഗ്രസ് സഖ്യത്തിന്റെ താരപ്രചാരകയായ വിജയശാന്തിയും ഹെലികോപ്റ്ററിലാണു പ്രചാരണം.

∙ ഇന്നു മോദിയും രാഹുലും

ബിജെപിക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പ്രചാരണത്തിനെത്തും; കോൺഗ്രസിനു വേണ്ടി രാഹുൽ ഗാന്ധിയും. മോദി ഇന്ന് എൽബി സ്റ്റേഡിയത്തിലെ സമ്മേളനത്തിലാണു പങ്കെടുക്കുന്നത്. രാഹുൽ ഇന്നു ഗഡ്‌വാൾ, തണ്ടൂർ, ജൂബിലി ഹിൽസ് എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുത്ത ശേഷം, കുകത്പള്ളിയിൽ ചന്ദ്രബാബു നായിഡുവുമൊത്തു റോഡ് ഷോ നയിക്കും.