ഗൗരി ലങ്കേഷിന്റെയും മറ്റും കൊലപാതകം: സിബിഐ നിലപാട് അറിയിക്കണം എന്ന് സുപ്രീം കോടതി

ഗൗരി ലങ്കേഷ്

ന്യൂഡൽഹി ∙ നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ, എം.എം. കൽബുറഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങൾ തമ്മിൽ ബന്ധമുണ്ടെങ്കിൽ ഒരു ഏജൻസി അന്വേഷിച്ചാൽ പോരേ എന്നു സുപ്രീം കോടതി. ഇക്കാര്യത്തിൽ അടുത്ത മാസം ആദ്യ ആഴ്ച നിലപാടു വ്യക്തമാക്കാൻ കോടതി സിബിഐയോടു നിർദേശിച്ചു.

കൽബുറഗിയുടെ വിധവ ഉമാദേവിയുടെ ഹർജിയിലാണ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ധബോൽക്കറുടെ കൊലപാതകം സിബിഐയും പൻസാരെയുടേത് മഹാരാഷ്ട്ര പൊലീസിന്റെ പ്രത്യേക സംഘവുമാണ് അന്വേഷിക്കുന്നതെന്ന് മഹാരാഷ്ട്ര സർക്കാരിന്റെ അഭിഭാഷകൻ വ്യക്തമാക്കി. കൽബുറഗിയുടെയും ഗൗരി ലങ്കേഷിന്റെയും കൊലപാതകം കർണാടക പൊലീസാണ് അന്വേഷിക്കുന്നത്.

4 മരണങ്ങളും തമ്മിൽ ബന്ധമുണ്ടെന്നും ഇല്ലെന്നും അഭിപ്രായമുണ്ടെന്നും നാലും തമ്മിൽ ബന്ധമുണ്ടെങ്കിൽ ഒറ്റ ഏജൻസി അന്വേഷിക്കുന്നതാവും ഉചിതമെന്നും കോടതി വാക്കാൽ പറഞ്ഞു. കേസന്വേഷണത്തിൽ പുരോഗതിയില്ലെന്നും വധവും ഗൂഢാലോചനയും അന്വേഷിക്കാൻ മുൻ ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടമുള്ള പ്രത്യേക സംഘത്തെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ടുള്ളതാണ് ഉമാദേവിയുടെ ഹർജി.