Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ പറക്കട്ടെ; കരാറിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി

Rafale jet

ന്യൂഡൽഹി∙ റഫാൽ യുദ്ധ വിമാന കരാറിൽ ക്രമക്കേട് ആരോപിച്ച 4 ഹർജികളും സുപ്രീം കോടതി തള്ളി. കരാറിൽ കോടതി ഇടപെടാൻ തക്ക കാരണമില്ലെന്ന് കരാറിനായുള്ള തീരുമാനം, വിമാനങ്ങളുടെ വില, ഇന്ത്യയിലെ ഓഫ്സെറ്റ് പങ്കാളി എന്നീ വിവാദ വിഷയങ്ങൾ പരിശോധിച്ചശേഷം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ഏതാനും മാസങ്ങളിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ മോദി സർക്കാരിനെതിരെ ഉയർത്തിയ ഏറ്റവും ശക്തമായ ആരോപണമാണ് റഫാൽ അഴിമതി. അതുകൊണ്ടുതന്നെ, കോടതിവിധി സർക്കാരിന് വലിയ ആശ്വാസമായി. 

ഫ്രഞ്ച് കമ്പനിയായ ഡാസോയിൽനിന്ന് 36 റഫാൽ വിമാനങ്ങൾ വാങ്ങുന്നതിനുള്ള ഇടപാടിൽ അഴിമതിയുണ്ടെന്നും അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് എന്ന കമ്പനിക്കു നേട്ടമുണ്ടായെന്നുമുള്ള നിലപാടിൽ കോൺഗ്രസ് ഉറച്ചുനിൽക്കുകയാണ്.

കോടതി നിലപാട്

∙ വ്യക്തികളുടെ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കി കോടതിക്ക് വിശദമായ അന്വേഷണം നടത്താൻ പറ്റില്ലെന്നും  പ്രതിരോധ കരാറിനെ വേറിട്ട തലത്തിലും ആഴത്തിലുമാണ് പരിശോധിക്കേണ്ടതെന്നു പറഞ്ഞ ബെഞ്ചിന്റെ വിശകലനം ഇങ്ങനെ:

∙ നടപടിക്രമം: കരാർ പ്രക്രിയയെ സംശയിച്ചു കരാർ റദ്ദാക്കാനോ കോടതിയുടെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കാനോ തക്ക സാഹചര്യമില്ല. രാജ്യത്തിനു സാമ്പത്തിക നേട്ടമുണ്ട്. വിശാലമായി നടപടിക്രമം പാലിച്ചിട്ടുണ്ട്. 

∙ വില: ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ അടിസ്ഥാന വില മാത്രമാണ് പാർലമെന്റിനോടു പോലും വെളിപ്പെടുത്തിയിട്ടുള്ളത്. വില സിഎജി പരിശോധിച്ചതാണ്; അതിന്റെ റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും.  വില താരതമ്യം ചെയ്യുകയെന്നതു കോടതിയുടെ ജോലിയല്ല. 

ജെപിസി വേണം: കോൺഗ്രസ്

ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാടിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസ് രംഗത്ത്. സുപ്രീം കോടതി വിധിയെത്തുടർന്നുള്ള തിരിച്ചടിയിൽ നിന്നു കരകയറാൻ ലക്ഷ്യമിട്ടാണു ജെപിസി ആവശ്യം കോൺഗ്രസ് ശക്തമാക്കുന്നത്.

ചർച്ചയാകാമെന്ന് സർക്കാർ

ന്യൂഡൽഹി∙ റഫാൽ ഇടപാടിനെക്കുറിച്ച് അടിയന്തര പ്രമേയ ചർച്ചയ്ക്കു സർക്കാർ സന്നദ്ധത പ്ര‌കടിപ്പിച്ചു. എന്നാൽ, സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്ന ആവശ്യം തള്ളി. സഭ നിർത്തിവച്ചു ചർച്ചയ്ക്കു തയാറാണ്, കോൺഗ്രസ് തയാറാണോ എന്നായിരുന്നു ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ ചോ‌ദ്യം. 

* ഓഫ്സെറ്റ് പങ്കാളി: മാർഗരേഖയനുസരിച്ച്, ഉൽപാദക കമ്പനിക്ക് ഇഷ്ടമുള്ള ഇന്ത്യൻ കമ്പനിയെ ഓഫ്സെറ്റ് പങ്കാളിയാക്കാം. റിലയൻസ് ഡിഫൻസും ഡാസോയും തമ്മിലുണ്ടാക്കിയത് തികച്ചും കച്ചവടപരമായ ഇടപാടാണ്.  ഇതിൽ കേന്ദ്ര സർക്കാരിനു പങ്കില്ല. സർക്കാർ താൽപര്യം വ്യക്തമാക്കുന്ന രേഖകളില്ല.

സുപ്രീം കോടതി അഭിഭാഷകരായ മനോഹർ ലാൽ ശർമ, പ്രശാന്ത് ഭൂഷൺ, മുൻ കേന്ദ്ര മന്ത്രിമാരായ അരുൺ ഷൂറി, യശ്വന്ത് സിൻഹ, ആം ആദ്മി പാർട്ടിയുടെ എംപി: സഞ്ജയ് സിങ്, സാമൂഹിക പ്രവർത്തകൻ വിനീത് ധാണ്ഡ എന്നിവരായിരുന്നു ഹർജിക്കാർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എതിർകക്ഷിയും.