Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ വിധിപ്പിറ്റേന്ന് കേന്ദ്രം പറയുന്നു: കോടതിക്ക് പിഴച്ചു

Rafale

ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാടിനെക്കുറിച്ചു തങ്ങൾ രഹസ്യരേഖയായി നൽകിയ കുറിപ്പിലെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചു സുപ്രീം കോടതി പിഴവു വരുത്തിയതായി കേന്ദ്ര സർക്കാർ. 

വെള്ളിയാഴ്ച നൽകിയ  വിധിയിലെ തെറ്റായ രണ്ടു വാക്യങ്ങൾ തിരുത്താൻ ഉടൻ നടപടിയെടുക്കണമെന്നു കേന്ദ്ര പ്രതിരോധ വകുപ്പ് കോടതിക്ക് ഇന്നലെ നൽകിയ അപേക്ഷയിൽ പറയുന്നു. വില സംബന്ധിച്ച് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) നൽകിയ റിപ്പോർട്ട് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) പരിശോധിച്ചതായി വിധിയിൽ പരാമർശമുണ്ട്. എന്നാൽ സിഎജി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നു പിഎസി അധ്യക്ഷനും കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവുമായ മല്ലികാർജുൻ ഖർഗെ പറഞ്ഞതോടെ ഇക്കാര്യം വിവാദമായി. സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചു പ്രതിപക്ഷം ശക്തമായ നിലപാടെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണു സർക്കാർ കോടതിവിധിയിലെ പരാമർശത്തിനെതിരെ രംഗത്തുവന്നത്. കോടതിക്കു നൽകിയ കുറിപ്പിൽ പറഞ്ഞതെന്നു സർക്കാർ അവകാശപ്പെടുന്നതിങ്ങനെ:

‘വിലയുടെ വിശദാംശങ്ങൾ സിഎജിയുമായി സർക്കാർ പങ്കുവച്ചുകഴിഞ്ഞു. സിഎജിയുടെ റിപ്പോർട്ട് പിഎസി പരിശോധിക്കുന്നു. റിപ്പോർട്ടിന്റെ സംഗ്രഹം പാർലമെന്റിലും പൊതുസമക്ഷവും വയ്ക്കുന്നു.’

എങ്ങനെ വാചകങ്ങൾ തിരുത്തണമെന്നും അപേക്ഷയിൽ കോടതിയോട് സർക്കാർ

സിഎജി റിപ്പോർട്ട് പിഎസി പരിശോധിക്കുന്നുവെന്നതും റിപ്പോർട്ടിന്റെ സംഗ്രഹം പാർലമെന്റിൽ വയ്ക്കുന്നുവെന്നതും നടപടിക്രമമെന്ന നിലയ്ക്കാണു പറഞ്ഞതെന്നാണു സർക്കാരിന്റെ ന്യായീകരണം. നടക്കാൻ പോകുന്ന കാര്യത്തെ നടന്ന കാര്യമായി കോടതി തെറ്റായി വ്യാഖ്യാനിച്ചു. തങ്ങൾ ഇംഗ്ലിഷിൽ ‘ഈസ്’ എന്നു പറഞ്ഞതിനെ ‘വാസ്’ എന്നും ‘ഹാസ് ബീൻ’ എന്നുമാണ് കോടതി പരാമർശിക്കുന്നത്.

കോടതിയുടെ ഭാഗത്തുനിന്നുണ്ടായ തെറ്റായ വ്യാഖ്യാനം വിവാദത്തിന് ഇടയാക്കി. വിധിയെക്കുറിച്ച് സംശയമോ തെറ്റിദ്ധാരണയോ ഉണ്ടാകാതിരിക്കാനെന്നോണം, എങ്ങനെ വാചകങ്ങൾ തിരുത്തണമെന്നും അപേക്ഷയിൽ കോടതിയോട് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

കോടതി പറഞ്ഞത്

വിലയുടെ വിശദാംശങ്ങൾ സിഎജിയുമായി പങ്കുവച്ചിരുന്നു. സിഎജിയുടെ റിപ്പോർട്ട് പിഎസി പരിശോധിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ സംഗ്രഹമാണു പാർലമെന്റിൽ വച്ചത്‌; പൊതുസമക്ഷമുള്ളതും.