കർണാടക മന്ത്രിസഭ: അതൃപ്തി പരിഹാര നീക്കം സജീവം

ബെംഗളൂരു ∙ എട്ടു കോൺഗ്രസ് നേതാക്കളെ കൂടി ഉൾപ്പെടുത്തി ശനിയാഴ്ച നടത്തിയ കർണാടക മന്ത്രിസഭാ വികസനത്തെ തുടർന്ന് പാർട്ടിക്കുള്ളിൽ ഉടലെടുത്ത അതൃപ്തി പരിഹരിക്കാനുള്ള ശ്രമങ്ങൾക്കിടെ, പുതിയ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനം വൈകുന്നു. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇടഞ്ഞ രമേഷ് ജാർക്കിഹോളി, ബി.നാഗേന്ദ്ര തുടങ്ങിയവരെ അനുനയിപ്പിക്കാൻ ശ്രമം തുടരുകയാണ്. തങ്ങളെ പരിഗണിക്കാത്തതിനു പിന്നിൽ മന്ത്രി ഡി.കെ ശിവകുമാർ ആണെന്നാണ് ഇരുവരുടെയും വിമർശനം.

കോൺഗ്രസ് വിടുമെന്നു ഭീഷണി മുഴക്കിയ രമേഷിനെ അനുനയിപ്പിക്കാൻ സഹോദരനും മന്ത്രിയുമായ സതീഷ് ജാർക്കിഹോളിയെ നേതൃത്വം ചുമതലപ്പെടുത്തി. അതിനിടെ, അതൃപ്തരായ 15 കോൺഗ്രസ്- ദൾ എംഎൽഎമാർ തങ്ങളെ സമീപിച്ചെന്നും സഖ്യസർക്കാർ 24 മണിക്കൂറിനകം നിലം പതിക്കുമെന്നുമുള്ള ബിജെപി എംഎൽഎ ഉമേഷ് കട്ടിയുടെ അവകാശവാദം ശരിയല്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ യെഡിയൂരപ്പ പറഞ്ഞു.

28 ലോക്സഭാ സീറ്റുകളിൽ 12 എണ്ണം ദൾ ആവശ്യപ്പെടുകയും കോൺഗ്രസ് അതു നിരാകരിക്കുകയും ചെയ്തുവെന്നും സഖ്യം ഉലയുന്നുവെന്നുമുള്ള അഭ്യൂഹം ഏകോപന സമിതി ചെയർമാൻ സിദ്ധരാമയ്യ തള്ളി.