കെഎസ്ആർടിസി അക്കൗണ്ടിൽ കള്ളപ്പണം നിക്ഷേപിച്ചെന്ന്: റിപ്പോർ‌ട്ട് നൽകാൻ സമയം ചോദിച്ച് വിജിലൻസ്

മൂവാറ്റുപുഴ ∙ കെഎസ്ആർടിസി ജീവനക്കാരുടെ സഹകരണ സംഘത്തിന്റെ പക്കലുണ്ടായിരുന്ന കള്ളപ്പണം കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതായുള്ള ഹർജിയിൽ ത്വരിതാന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിജിലൻസ് കൂടുതൽ സമയം ആവശ്യപ്പെട്ടു. 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയപ്പോൾ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയിൽ ഇവ സ്വീകരിക്കുമായിരുന്നു.

ഈ സംവിധാനം ഉപയോഗിച്ചു ജീവനക്കാരുടെ സഹകരണ സംഘത്തിൽ ഉണ്ടായിരുന്ന കള്ളപ്പണ നിക്ഷേപത്തിലെ 500, 1000 രൂപ നോട്ടുകൾ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു വെളുപ്പിക്കാൻ ഉദ്യോഗസ്ഥർ സഹായിച്ചുവെന്നു ഹർജിയിൽ ആരോപിക്കുന്നു. മൂവാറ്റുപുഴ കെഎസ്ആർടിസി ഡിപ്പോയിൽ ദിവസേന 96 ഷെഡ്യൂളുകളാണുള്ളത്. ദിവസം ഏഴു ലക്ഷം മുതൽ എട്ടു ലക്ഷം വരെ വരുമാനം ലഭിക്കുന്നുണ്ട്.

ബസ് കണ്ടക്ടർമാർ ഈ പണം നോട്ടിന്റെ സീരിയൽ നമ്പർ അടക്കം എഴുതി കെഎസ്ആർടിസിയുടെ കാഷ് കൗണ്ടറിൽ അടയ്ക്കുകയാണു പതിവ്. പണം എസ്ബിടിയിൽ അടുത്ത ദിവസം തന്നെ അടയ്ക്കും. നോട്ട് നിരോധനത്തിനു ശേഷം ബസുകളിൽ ലഭിക്കുന്ന നൂറിന്റെയും അൻപതിന്റെയും ഇരുപതിന്റെയും പത്തിന്റെയുമൊക്കെ നോട്ടുകൾ സഹകരണ സംഘത്തിനു നൽകി പകരം, ഇവിടെയുള്ള ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ കലക്‌ഷനിൽ ചേർത്ത് ഉദ്യോഗസ്ഥർ കള്ളപ്പണം വെളുപ്പിച്ചെന്നാണു ഹർജിക്കാരൻ ആരോപിക്കുന്നത്.

കേസിന്റെ അടിയന്തര സ്വഭാവം പരിഗണിച്ചു രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നായിരുന്നു ഉത്തരവ്. കേസ് ഇന്നു പരിഗണിച്ചപ്പോഴാണു കൂടുതൽ സമയം വിജിലൻസ് ആവശ്യപ്പെട്ടത്.