കെപിസിസി പ്രസിഡന്റ്: അഭിപ്രായൈക്യത്തിന് ഹൈക്കമാൻഡ് ശ്രമം

ന്യൂഡൽഹി∙ സംഘടനാ തിരഞ്ഞെടുപ്പിനു മുൻപ് അഭിപ്രായൈക്യത്തിലൂടെ കെപിസിസി പ്രസിഡന്റിനെ കണ്ടെത്താൻ ഹൈക്കമാൻഡ് ശ്രമം. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നു കേന്ദ്ര തിരഞ്ഞെടുപ്പു സമിതി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ കെപിസിസി ‌പ്രസിഡന്റ് വി.എം.സുധീരൻ എന്നിവരുമായി വിഷയം ചർച്ച ചെയ്യും. കൂടിക്കാഴ്ച വെവ്വേറെയായിരിക്കും.

ഇതിനിടെ, കെ. മുരളീധരൻ എംഎൽഎ രാഹുൽ ഗാന്ധിയുമായി കേരളത്തിലെ സംഘടനാ രാ‌ഷ്ട്രീയം ച‌ർച്ച ചെയ്തു. പൊതുധാരണയിലൂടെ പുതിയ പ്രസിഡന്റിനെ നിശ്ചയിക്കുന്നതിനു മുരളീധരൻ പിന്തുണയറിയിച്ചിട്ടുണ്ട്. സംഘടനാ തിരഞ്ഞെടുപ്പു പൂർണതോതിൽ നടത്തണമെന്ന നിലപാട് ഉമ്മൻ ചാണ്ടി നേരത്തേ കൈക്കൊണ്ടിരുന്നു.

കേരളത്തിലെ സംഘടനാ പ്ര‌‌ശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മൂന്നിന ഹൈക്കമാൻഡ് ഫോർ‌‌മുലയിലെ മുഖ്യാംശവും ഇതായിരുന്നു. ഇപ്പോഴത്തെ സാഹച‌ര്യത്തിൽ പൂർണതോതിൽ തിരഞ്ഞെടുപ്പു വേണമെന്ന് ഉമ്മൻ ചാണ്ടി നിർബന്ധം പിടിക്കില്ലെന്നാണു നേതൃത്വത്തിന്റെ പ്രതീക്ഷ. ഹൈ‌ക്കമാൻഡ് നിലപാടിനെ എതിർക്കില്ലെന്നു പ്രതിപക്ഷ നേ‌താവ് രമേശ് ചെന്നിത്തലയും ഉറപ്പു നൽകിയിട്ടുണ്ട്.

കേരളത്തിലായിരുന്ന മുല്ലപ്പള്ളിയെ അടിയന്തര ചർച്ചകൾക്കായി നേ‌തൃത്വം വിളിച്ചുവരുത്തുകയായിരുന്നു. എത്രയും വേഗം ‌തിരഞ്ഞെടുപ്പു പൂർത്തിയാക്കി ഭാരവാഹിപ്പട്ടിക തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറുകയെന്ന ദൗത്യമായിരിക്കും അദ്ദേഹത്തിന്റേത്. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വിവിധ സം‌സ്ഥാനങ്ങളിൽ നേതാക്കൾ അടിയന്തര യോഗങ്ങൾ ചേർന്നുവരികയാണ്. ബാലറ്റിലൂടെ പൂർ‌ണ തിരഞ്ഞെടുപ്പു നടത്തുന്നതു ദുർബലമായ സംഘടനയെ തെരുവുപോരാട്ടത്തിലേക്കു നയിക്കുമെന്ന ഭയപ്പാടാണു മുതിർന്ന നേതാക്കൾക്കുള്ളത്.