തൊഴിലുറപ്പ്: കേന്ദ്രസർക്കാർ തരാനുള്ള പണം തന്നില്ലെങ്കിൽ സമരമെന്ന് മന്ത്രി ഐസക്ക്

ആലപ്പുഴ∙ തൊഴിലുറപ്പു പദ്ധതിക്കു തരാനുള്ള പണം തരാൻ കേന്ദ്രസർക്കാർ മടിച്ചാൽ ശക്തമായ സമരം ആരംഭിക്കുമെന്നു മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കുറഞ്ഞതു 704 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്നു കിട്ടാനുണ്ട്. ഇതു ചോദിച്ചപ്പോൾ കേരളം മാനദണ്ഡമനുസരിച്ചല്ല പണി ചെയ്തതെന്നാണു പറയുന്നത്.

ചെലവിടുന്ന തുകയുടെ ഇത്രശതമാനം ആസ്തിവികസനത്തിന് ഉപയോഗിക്കണമെന്ന മാനദണ്ഡം പാലിച്ചില്ലെന്നത് ഉൾപ്പെടെയാണു ആക്ഷേപം. തമിഴ്‌നാടിന് 2200 കോടി രൂപ അനുവദിച്ചപ്പോൾ നമുക്ക് 112 കോടിയേ നൽകിയുള്ളൂ. പുതിയ സാമ്പത്തികവർഷം പണം തരാമെന്നു കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞെങ്കിലും തന്നില്ല.

കേന്ദ്രത്തിന്റെ തൊടുന്യായത്തിനു സമരത്തിലൂടെ മറുപടി നൽകേണ്ടി വരും. പണം ചോദിച്ചു മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചിട്ടുണ്ട്. നിയമസഭ അവസാനിക്കുന്ന 25 നു മുൻപു തീരുമാനം ഉണ്ടായില്ലെങ്കിൽ ആദ്യം നിയമസഭ തന്നെ പ്രമേയം പാസാക്കും. എന്നിട്ടും നടപടിയുണ്ടായില്ലെങ്കിൽ കേന്ദ്രത്തിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.