കശാപ്പ് നിയന്ത്രണം: നിയമസഭാ സമ്മേളനത്തിന്മേൽ ഇന്നു തീരുമാനം

തിരുവനന്തപുരം∙ കന്നുകാലികളുടെ കശാപ്പു നിയന്ത്രണം സംബന്ധിച്ചു ചർച്ച ചെയ്യുന്നതിനു നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്നതിനായി ഇന്നു പ്രത്യേക മന്ത്രിസഭാ യോഗം ചേരും. എട്ടിനു പ്രത്യേക നിയമസഭാ സമ്മേളനം ചേരാനാണു പ്രതിപക്ഷവുമായി സർക്കാർ ഉണ്ടാക്കിയിരിക്കുന്ന ധാരണ.

ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം കാലാവധി തീരുന്ന രണ്ട് ഓർഡിനൻസുകൾ വീണ്ടും ഇറക്കാനും പുതിയ ഒരു ഓർഡിനൻസ് ഇറക്കാനും തീരുമാനിച്ച സാഹചര്യത്തിലാണു നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്ന തീയതി തീരുമാനിക്കാതിരുന്നത്.

സഭാസമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോടു ശുപാർശ ചെയ്താൽ പിന്നെ ഓർഡിനൻസുകൾ ഇറക്കാനാവില്ല. ഈ സാഹചര്യത്തിലാണു പ്രത്യേക സമ്മേളനത്തിന്റെ തീയതി തീരുമാനിക്കാൻ ഇന്നു മന്ത്രിസഭാ യോഗം ചേരുന്നത്.