എടിഎം കവർച്ചകൾ: നോട്ട് തീപിടിക്കാതിരിക്കാൻ പ്രത്യേക ഗ്യാസ് കട്ടർ വിദ്യയെന്നു വെളിപ്പെടുത്തൽ

എടിഎം മോഷണക്കേസിൽ അറസ്റ്റിലായ പ്രതി സുരേഷ് കുമാറിനെ ചോദ്യം ചെയ്യാൻ ആലപ്പുഴ ക്രൈം ബ്രാഞ്ച് ഓഫിസിൽ കൊണ്ടുവന്നപ്പോൾ. ചിത്രം: മനോരമ

ആലപ്പുഴ ∙ പ്രത്യേക തരം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎമ്മുകൾ തകർത്തു പണം അപഹരിക്കുന്നതെന്നു കവർച്ചക്കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി കെ.ആർ. സുരേഷ് കുമാറിന്റെ വെളിപ്പെടുത്തൽ. ഡൽഹിയിൽ നിന്നു നാട്ടിലെത്തിച്ച സുരേഷ് കുമാറിനെ ഉന്നത പൊലീസ് സംഘത്തിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. 

അതിനിടെ, ഡൽഹി പൊലീസ് സ്ക്വാഡും കേരള പൊലീസിന്റെ സംഘവും ഇന്നലെ ഹരിയാനയിലെ മൂന്നിടത്തു മുഖ്യ പ്രതി അസ്‌ലുബ് ഖാനും നാലു സഹായികൾക്കും വേണ്ടി തിരച്ചിൽ നടത്തി. ആറംഗ സംഘത്തിനു പുറമെ വൻ റാക്കറ്റ് എടിഎം കവർച്ചയ്ക്കു പിറകിലുണ്ടെന്നാണു പ്രാഥമിക സൂചനകൾ. ഇത്തരത്തിൽ മോഷ്ടിക്കുന്ന പണം വിധ്വംസന പ്രവർത്തനങ്ങൾ‌ക്ക് ഉപയോഗിക്കുന്നുണ്ടോയെന്നു ഡൽഹി പൊലീസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 

സംഘത്തിലെ രണ്ടു പേർ സാങ്കേതിക വിദ്യകൾ വശമുള്ളവരാണ്. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് അനുയോജ്യമായ എടിഎം കൗണ്ടറുകൾ കണ്ടെത്തുന്നത്. പരിസരത്ത് ആളുകൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം 15 മിനിറ്റുകൾക്കുള്ളിൽ എടിഎം തകർത്തു പണം മോഷ്ടിക്കും.

ഡൽഹി പൊലീസിൽ ഹെഡ് കോൺസ്റ്റബിളായ അസ്‌ലുബ് ഖാന്റെ സഹായികളായ ഷിക്കർപുരിലെ നാലു പേരാണ് എടിഎം തകർക്കുന്നത്. ഇതിനായി ഇവർ തന്നെ ചെറിയ ഗ്യാസ് കട്ടറും സിലിണ്ടറും നിർമിച്ചിട്ടുണ്ട്. 

എടിഎമ്മിലെ കറൻസി ചെസ്റ്റിന്റെ വശങ്ങളിൽ ഗ്യാസ് കട്ടർ ചെരിച്ചു പിടിച്ചാണു മുറിക്കുന്നത്. ഇങ്ങനെ മുറിക്കുമ്പോൾ നോട്ടുകൾക്കു തീപിടിക്കില്ല. നേരത്തെ നോട്ടുകൾ കത്തി നശിച്ചതിനെ തുടർന്നാണു പുതിയ രീതി സംഘം അവലംബിച്ചതെന്നു സുരേഷ് കുമാർ വെളിപ്പെടുത്തി. സംസ്ഥാനത്തു നാലിടത്തു കവർച്ച നടത്തിയതും ഇവരാണെന്നും സുരേഷ് സമ്മതിച്ചു.

പിടിക്കപ്പെടാനുള്ള സാധ്യത കുറയുമെന്നു കരുതിയും ധാരാളം എടിഎമ്മുകൾ ഉള്ളതിനാലുമാണു കേരളം തിര‍ഞ്ഞെടുത്തത്. മാരാരിക്കുളം, കരീലക്കുളങ്ങര എന്നിവിടങ്ങളിൽ കവർച്ചാശ്രമം നടക്കുന്നതിനിടെ പരിസരവാസികൾ വന്നതാണ് ഉപേക്ഷിക്കാൻ കാരണം. ഡൽഹിയിൽ അയൽവാസിയായ അസ്‌ലുബ് ഖാനാണു തന്നെ സംഘത്തിൽ എത്തിച്ചതെന്നു സുരേഷ് പറഞ്ഞു.

കവർച്ച നടക്കുന്ന വേളയിൽ വാഹനത്തിൽനിന്നു പുറത്തിറങ്ങാൻ പോലും സമ്മതിക്കില്ല. കാർ വാങ്ങിയതുമായി ബന്ധപ്പെട്ട് അഞ്ചു ലക്ഷം രൂപ കടമുണ്ട്. ഈ പണം രണ്ടു കവർച്ച കഴിയുമ്പോൾ കണ്ടെത്താൻ കഴിയുമെന്നു വാഗ്ദാനം നൽകിയാണു സംഘത്തിൽ ഉൾപ്പെടുത്തിയതെന്നും സുരേഷ് വ്യക്തമാക്കി. 

വൈകിട്ടോടെ ചെങ്ങന്നൂർ സ്റ്റേഷനിലേക്കു കൊണ്ടു പോയ സുരേഷിനെ ഇന്ന് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. തുടർന്നു കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തും. ഇന്നലെ റേഞ്ച് ഐജി പി.വിജയൻ, ജില്ലാ പൊലീസ് മേധാവി വി.എം.മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ സുരേഷിനെ ചോദ്യം ചെയ്തു.