സ്വാശ്രയ എൻജിനീയറിങ്: ഫീസ് നിരക്ക് കുറയുന്നു

തിരുവനന്തപുരം∙ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ഭൂരിപക്ഷവും ഫീസ് നിരക്ക് കുറച്ചു. സർക്കാരിന് അവകാശപ്പെട്ട മെറിറ്റ് സീറ്റിൽ 50,000 രൂപയും 75,000 രൂപയുമാണു സർക്കാരുമായുണ്ടാക്കിയ കരാർ പ്രകാരമുള്ള ഫീസ്. എന്നാൽ, ഓരോ കോളജിന്റെയും സാഹചര്യം അനുസരിച്ചു പരമാവധി ഫീസ് തുക കുറയ്ക്കാമെന്നായിരുന്നു ധാരണ.

ഇതു പ്രകാരം, ഓരോ കോഴ്‌സിനും ഓരോ കോളജും കുറച്ചു നൽകുന്ന പരമാധി ഫീസ് വിവരം എൻട്രൻസ് കമ്മിഷണർക്കു കൈമാറി. തുടർന്ന്, കമ്മിഷണർ ഓരോ കോളജിന്റെയും വിവിധ കോഴ്‌സുകളുടെ കുറഞ്ഞ ഫീസ് നിരക്കോടുകൂടിയ പട്ടിക വൈകിട്ട് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ ഓൺലൈൻ ഓപ്ഷൻ സമർപ്പിക്കാൻ വെബ്‌സൈറ്റിൽ പ്രവേശിക്കുമ്പോൾ കുറഞ്ഞ ഫീസ് നിരക്ക് മനസ്സിലാക്കാം.

34 കോളജുകൾ കരാറിലുള്ളതിനെക്കാൾ 30,000 രൂപ വരെ ചില കോഴ്‌സുകൾക്കു കുറച്ചു നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സിൽ 28 കോളജുകൾ 30,000 രൂപ വരെ കുറച്ചുനൽകുമെന്നു പ്രവേശന കമ്മിഷണറുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. മെക്കാനിക്കൽ എൻജിനീയറിങ്ങിന് 17 കോളജുകൾ 25,000 രൂപ വരെ ഫീസ് കുറയ്ക്കും.

സിവിൽ എൻജിനീയറിങ്ങിൽ 18 കോളജുകൾ 25,000 രൂപ വരെ കുറച്ചുനൽകും. 26 ബിടെക് കോഴ്‌സുകൾക്കും വിവിധ നിരക്കിൽ ഫീസ് കുറയ്ക്കാൻ കോളജുകൾ തയാറായിട്ടുണ്ട്്. 75,000 രൂപ ഫീസുള്ള മെറിറ്റിലെ എപിഎൽ വിഭാഗത്തിൽ 40,000 രൂപ വരെ ഫീസ് കുറയ്ക്കാൻ തയാറായിട്ടുണ്ട്. ഈ വിഭാഗത്തിൽ ഇലക്ടോണിക്‌സ് ആൻഡ് കമ്യുണിക്കേഷനിൽ 67 കോളജുകൾ ഏറ്റവും കുറഞ്ഞത് 30,000 വാർഷിക ഫീസ് നിരക്കിൽ പഠിപ്പിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്.

മെക്കാനിക്കൽ എൻജിനീയറിങ്ങിന് 35,000 ഫീസിൽ പഠിപ്പിക്കാമെന്ന് 56 കോളജുകൾ അറിയിച്ചിട്ടുണ്ട്. മാനേജ്‌മെന്റ് സീറ്റിലും കരാറിനെക്കാൾ തുക കുറച്ചിട്ടുണ്ട്. സർക്കാരുമായുണ്ടാക്കിയ കരാർ പ്രകാരം, മാനേജുമെന്റ് സീറ്റുകളിൽ 1,24,000 രൂപയാണു വാർഷിക ഫീസ്. 84 കോളജുകൾ മാനേജ്‌മെന്റ് സീറ്റിൽ ചില വിഷയങ്ങൾക്ക് 94,000 രൂപ വരെ കുറച്ചു നൽകും. മെക്കാനിക്കൽ എൻജിനീയറിങ് മാനേജ്മെന്റ് സീറ്റുകളിൽ 89,000 രൂപ വരെ കുറച്ചു നൽകാമെന്നാണു സമ്മതിച്ചിട്ടുള്ളത്. എൻആർഐ സീറ്റിലും ഫീസ് കുറവു വരുത്തിയിട്ടുണ്ട്.