മെട്രോ: സമൂഹമാധ്യമങ്ങളിൽ ഭിന്നശേഷിക്കാരന് അപമാനം; വ്യാജ പ്രചാരണത്തിൽ അന്വേഷണം

എൽദോ

കൊച്ചി ∙ കൊച്ചി മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ ശാരീരിക പരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോ അപമാനിക്കപ്പെട്ട കേസില്‍ ഭിന്നശേഷി കമ്മിഷണറുടെ ഇടപെടല്‍. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിസേബിലിറ്റി കമ്മിഷണര്‍ ഡോക്ടര്‍ ജി. ഹരികുമാർ സൈബര്‍ സെല്ലിന് നിര്‍ദേശം നല്‍കി. ‘മനോരമ ന്യൂസ്’ വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി. 

കൊച്ചി മെട്രോയിലെ ‘പാമ്പ്’ എന്ന തലക്കെട്ടോടെ സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത എല്‍ദോ മെട്രോയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന അനുജനെ കണ്ടതിന്റെ മനോവിഷമംകൊണ്ടാണ് എല്‍ദോ മെട്രോയില്‍ കിടന്നുപോയതെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. ഈ വാർത്ത ശ്രദ്ധയില്‍പ്പെട്ട ഡിസേബിലിറ്റി കമ്മിഷണര്‍ ഡോക്ടര്‍ ജി. ഹരികുമാറാണ് വിഷയത്തില്‍ ഇടപെട്ടത്.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം.

ഭിന്നശേഷിക്കാരനായ എല്‍ദോ സമൂഹമാധ്യമങ്ങളില്‍ അപമാനിക്കപ്പെട്ടത് ഗൗരത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്‍ദോയുടെ ചിത്രങ്ങള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കാനും പ്രചരിക്കാനുമിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടതായി കമ്മിഷണര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

ശാരീരികപരിമിതിയും സാമ്പത്തികബുദ്ധിമുട്ടും മൂലം സമൂഹമാധ്യമങ്ങളില്‍ ദുഷ്പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് എല്‍ദോ.