ജനകീയ മെട്രോ യാത്ര: യുഡിഎഫ് നേതാക്കൾക്ക് എതിരെ കേസ്

ആലുവ ∙ കൊച്ചി മെട്രോയിൽ ജനകീയ യാത്ര നടത്തിയ യുഡിഎഫ് നേതാക്കൾക്ക് എതിരെ കേസ്. മെട്രോ അസിസ്റ്റന്റ് ലൈൻ സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ ഈസ്റ്റ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.

മെട്രോ ചട്ടങ്ങൾക്കു വിരുദ്ധമായി ട്രെയിനിലും പ്ലാറ്റ്ഫോമിലും സംഘം ചേർന്നു മുദ്രാവാക്യം മുഴക്കുകയും മറ്റു യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തതിനു മെട്രോ ആക്ട് അറുപത്തിരണ്ടാം വകുപ്പ് പ്രകാരമാണ് കേസ്.

കഴിഞ്ഞ 20നാണ് ആലുവയിൽ നിന്നു പാലാരിവട്ടത്തേക്കു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കളും പ്രവർത്തകരും ജനകീയ മെട്രോ യാത്ര നടത്തിയത്. എഫ്ഐആറിൽ ഒരു കൂട്ടം ആളുകൾ എന്നല്ലാതെ ആരുടെയും പേരില്ല. മെട്രോ അധികൃതരുടെ രേഖാമൂലമുള്ള പരാതിയിലും പേരുകൾ പരാമർശിച്ചിട്ടില്ല.

യുഡിഎഫ് നേതാക്കളും പ്രവർത്തകരും ടിക്കറ്റ് എടുക്കാതെ മെട്രോയിൽ യാത്ര ചെയ്തു നാശനഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ചു സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ്, ഏരിയ സെക്രട്ടറി വി. സലിം എന്നിവർ കെഎംആർഎല്ലിനു പരാതി നൽകിയിരുന്നു. തുടർന്ന് എംഡി ഏലിയാസ് ജോർജിന്റെ നിർദേശപ്രകാരം സ്റ്റേഷനുകളിലെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകി.

നാശനഷ്ടം ഉണ്ടായില്ലെങ്കിലും ചട്ടങ്ങൾ ലംഘിച്ചെന്നായിരുന്നു കണ്ടെത്തൽ. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിൽ പരാതിപ്പെട്ടത്. വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ കേസിൽ പ്രതികളുടെ പേരു ചേർക്കുകയുള്ളൂ എന്നു പൊലീസ് പറഞ്ഞു.