കാനത്തെ മുഖ്യമന്ത്രിയാക്കണം, കോൺഗ്രസും ലീഗും പിന്തുണയ്ക്കണം: പി.സി.ജോർജ്

കേരള ജനപക്ഷം സംഘടനാ സമ്മേളനം കോട്ടയത്ത് പി.സി. ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം∙ ഭൂമാഫിയയ്ക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ തയാറാകണമെന്നും കോൺഗ്രസും മുസ്‌ലിം ലീഗും അതിനെ പിന്തുണയ്ക്കണമെന്നും പി.സി. ജോർജ് എംഎൽഎ. കേരള ജനപക്ഷം സംഘടനാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

എൽഡിഎഫും യുഡിഎഫും 25 വർഷം വീതം ഭരിച്ചെങ്കിലും 1969ൽ സിപിഐ നേതാവ് സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേരളത്തിൽ വികസന മുന്നേറ്റം ഉണ്ടാക്കിയത്. മുഖ്യമന്ത്രിയായപ്പോൾ സി.അച്യുതമേനോൻ എംഎൽഎയും ആയിരുന്നില്ല.  

ജനകീയ സർക്കാർ എന്നവകാശപ്പെട്ട ഉമ്മൻചാണ്ടി സർക്കാരിനെ അഴിമതിയുടെ പേരിൽ ജനം തിരസ്കരിച്ചു. സിപിഎമ്മിലെ ഏറ്റവും വലിയ വികസന നായകൻ എന്ന പേരിൽ അധികാരമേറ്റ പിണറായി സർക്കാരും പൂർണപരാജയമാണ്.

പകർച്ചപ്പനിയും വിലക്കയറ്റവും നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായും പി.സി.ജോർജ് ആരോപിച്ചു. എസ്.ഭാസ്കരപിള്ള അധ്യക്ഷത വഹിച്ചു. ജോസ് കോലാടി, പി.ഇ.മുഹമ്മദ് സക്കീർ, മാലേത്ത് പ്രതാപചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.