ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ 22 വജ്രം കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി

തിരുവനന്തപുരം∙ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ 22 വജ്രങ്ങൾ കാണാതായതുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. ഐജി: എസ്.ശ്രീജിത്, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി: അജിത് എന്നിവരടങ്ങിയ സംഘം ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എട്ട് വജ്രങ്ങൾ കാണാതായെന്നാണ് അറിയിച്ചിരുന്നത്.

എന്നാൽ ക്ഷേത്രത്തിലെ മാനേജർ ശ്രീകുമാർ കഴിഞ്ഞ ഓഗസ്റ്റിൽ ഫോർട്ട് പൊലീസിൽ നൽകിയ പരാതിയിൽ 22 വജ്രങ്ങൾ കാണാതായെന്നാണു പറഞ്ഞിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. ഇപ്പോൾ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ വീണ്ടും എത്തിയപ്പോഴാണ് ക്രൈബ്രാഞ്ച് അന്വേഷണം ത്വരിതപ്പെടുത്താൻ തീരുമാനിച്ചത്. വിഗ്രഹത്തിൽ ചാർത്തുന്ന രണ്ടു മാലകളിലെയും വിഗ്രഹത്തിനു മുകളിൽ ചൂടുന്ന കുടയിലെയും വജ്രങ്ങളാണു കാണാതായത്.

ഇതെല്ലാം കൈകാര്യം ചെയ്യാനുള്ള അധികാരം ക്ഷേത്രത്തിലെ പെരിയനമ്പിക്കു മാത്രമാണെന്നു പൊലീസ് പറഞ്ഞു. നിത്യവും ഉപയോഗിക്കുന്നതിനാൽ മാലയിൽ നിന്ന് അത് അടർന്നുപോയതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. അതിൽ പതിച്ചിട്ടുള്ള ഏറ്റവും വലിയ വജ്രത്തിനു പോലും അര സെന്റിമീറ്ററിൽ താഴെയാണു വലിപ്പം. വജ്രങ്ങളുടെ കാലപ്പഴക്കവും മൂല്യവും കണക്കാക്കുന്നതിൽ വിദഗ്ധനായ ജെമ്മോളജിസ്റ്റും പൊലീസിനൊപ്പം ഉണ്ടായിരുന്നു.

വിഗ്രഹത്തിൽ ചാർത്തിയിട്ടുള്ള ആഭരണങ്ങളും സംഘം പരിശോധിച്ചു. കാണാതായതും ഉപയോഗിക്കുന്നതുമായ ആഭരണങ്ങളുടെയും മറ്റും പട്ടിക മുതൽപിടി റജിസ്റ്ററിൽ രേഖപ്പെടുത്തണം. അതിനാൽ അതും പൊലീസ് പരിശോധിക്കും. കാണതായതിനു പുറമെ പലപ്പോഴായി അടർന്നുവീണ വജ്രത്തിന്റെയും രത്നങ്ങളുടെയും ചെറിയ ശേഖരം അവിടെ സൂക്ഷിച്ചിട്ടുണ്ട്. അതിന്റെ വിശദ പട്ടിക കൈമാറാൻ ക്ഷേത്ര ഭരണസമിതി അധികൃതരോടു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷം അന്വേഷണം ഏതു ദിശയിൽ വേണമെന്നു തീരുമാനിക്കും.