Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്മനാഭസ്വാമി ക്ഷേത്രത്തിന് ടൂറിസത്തിന്റെ 9.7 കോടി കൂടി

Padmanabhaswamy Temple

ന്യൂഡൽഹി∙ പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനെത്തുന്ന ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതുൾപ്പെടെ 9.7 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അനുമതി നൽകാൻ ധാരണ. ക്ഷേത്രം സന്ദർശിച്ച കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനു ലഭിച്ച നിർദേശങ്ങൾ പരിഗണിച്ചാണു കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ തീരുമാനം. വൈകാതെ ഉത്തരവിറങ്ങും. 92.44 കോടി രൂപ ചെലവിൽ ക്ഷേത്രത്തിൽ ടൂറിസം മന്ത്രാലയം നടപ്പാക്കുന്ന ‘സ്വദേശ് ദർശൻ’ പദ്ധതിയുടെ തുടർച്ചയാണിത്. പദ്ധതി പൂർത്തിയാക്കുമ്പോൾ ശേഷിച്ച തുക കൊണ്ടു പരിസരത്തെ പത്തായപ്പുരയും പാഞ്ചജന്യം കല്യാണമണ്ഡപവും തീർഥാടകരുടെ വിശ്രമ കേന്ദ്രമാക്കാൻ നേരത്തേ ഉത്തരവിറക്കിയിരുന്നു. 7.6 കോടി രൂപയാണ് ഇതിനു ചെലവിടുക. പുറമേയാണ് 9.7 കോടി രൂപയുടെ പുതിയ പദ്ധതികൾ.

വടക്കേനടയിൽ ഉത്സവമഠത്തിലെ പൈതൃക മന്ദിരത്തിൽ വിശ്രമകേന്ദ്രം, കൈത്തറി എംപോറിയം, കാത്തിരിപ്പു കേന്ദ്രം എന്നിവ ഒരുക്കാൻ 1.75 കോടി രൂപ, വടക്കേനട കെട്ടിട സമുച്ചയത്തിൽ വിശ്രമകേന്ദ്രവും കഫ്തീരിയയും മാലിന്യ സംസ്കരണ കേന്ദ്രവും നിർമിക്കാൻ 1.40 കോടി, കിള്ളിപ്പാലം ജംക്‌ഷനിൽ തീർഥാടക സഹായ സമുച്ചയമൊരുക്കാൻ 2.25 കോടി, നമ്പി മഠത്തിൽ ആത്മീയ കേന്ദ്രത്തിനു 2.40 കോടി, നാലു നടകളിലെയും പ്രവേശനവഴിയും കെട്ടിടങ്ങളും നവീകരിക്കാൻ 1.34 കോടി, ഭിന്നശേഷിക്കാരുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേത്ര സന്ദർശനത്തിനുള്ള സൗകര്യങ്ങൾക്ക് 50 ലക്ഷം രൂപ എന്നിങ്ങനെയാണു തുക അനുവദിച്ചിരിക്കുന്നത്. 2019ൽ സ്വദേശ് ദർശൻ പദ്ധതികൾക്കൊപ്പം തന്നെ ഇവയും പൂർത്തിയാക്കാനാണു നിർദേശം.

related stories