തീ കൊളുത്തിയ സംഭവം: പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

‌പത്തനംതിട്ട ∙ കടമ്മനിട്ട കല്ലേലിയിൽ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ പതിനേഴുകാരി പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് പെൺകുട്ടി.

തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ കല്ലേലിമുക്ക് തേക്കുംമൂട്ടിൽ സജിലും (23) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെ ചികിൽസയിലുണ്ട്. സജിലിന് 35% പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. 

വെള്ളിയാഴ്ച രാത്രി ഏഴരയോടെ കല്ലേലിമുക്കിനു സമീപം കുരീത്തെറ്റ കോളനിയിലായിരുന്നു സംഭവം. തീ കൊളുത്തിയ ശേഷം കടന്നുകളഞ്ഞ സജിൽ ശനിയാഴ്ച ഉച്ചയോടെയാണ് പിടിയിലായത്. ഏറ്റുമാനൂർ മജിസ്ട്രേട്ട് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മൊഴിയെടുത്തിരുന്നു.