ശാരികയുടെ മരണം: ഇത്തിരി മുറ്റത്തെ ചിതയിൽ തെളിഞ്ഞത് മതസൗഹാർദത്തിന്റെ സ്നേഹവെളിച്ചം

കടമ്മനിട്ട കല്ലേലിമുക്കിൽ യുവാവ് പെട്രോൾ ഒഴിച്ചു തീ കൊളുത്തിയതിനെത്തുടർന്ന് പൊള്ളലേറ്റു ചികിൽസയിലിരിക്കെ മരിച്ച ശാരികയ്ക്ക് വീട്ടുമുറ്റത്ത് വീടിന്റെയും കിണറിന്റെയും ഇടയിലെ ഇത്തിരി സ്ഥലത്ത് ചിതയൊരുക്കിയപ്പോൾ. ചിത്രം: മനോരമ

കടമ്മനിട്ട (പത്തനംതിട്ട) ∙ മൂന്നു സെന്റ് തികച്ചില്ലാത്ത ആ വീടിന്റെ മുറ്റത്ത് ചിതയ്ക്കു തീ കൊളുത്തിയപ്പോൾ കണ്ടുനിന്നവരുടെ ഉള്ളു പൊള്ളി. എങ്കിലും ആ ചിതയിൽ തെളിഞ്ഞത് മതസൗഹാർദത്തിന്റെയും കൂട്ടായ്മയുടെയും വെട്ടം കൂടിയായിരുന്നു. വീട്ടുചുമരിനും കിണറിനുമിടയിൽ നിന്നുതിരിയാൻ ഇടമില്ലാത്തിടത്താണ് ആ ചിത കത്തിയത്.

കല്ലേലിമുക്കിൽ യുവാവ് പെട്രോൾ ഒഴിച്ചു തീ കൊളുത്തിയതിനെത്തുടർന്നു ചികിൽസയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച ശാരികയുടെ മൃതദേഹം വീട്ടിലെത്തിച്ചതും സംസ്കരിച്ചതും വലിയൊരു കൂട്ടായ്മയാണ്. ശാരികയുടെ ചികിൽസാച്ചെലവുകൾ വഹിക്കാൻ ചെന്നൈ ഇന്റർ നാഷനൽ ഫൗണ്ടേഷൻ ഓഫ് ക്രൈം പ്രിവൻഷൻ ആൻഡ് വിക്റ്റിംസ് കെയർ എന്ന സംഘടന തയാറായത് മറ്റൊരു സാന്ത്വനം.

അവസാനമായി കാണാൻ വന്നവർക്കായി ഇന്നലെ മൃതദേഹം പൊതുദർശനത്തിനു വച്ചത് സമീപത്തെ വീട്ടിൽ. കഴിഞ്ഞ 14നു രാത്രിയിലാണ് കല്ലേലിമുക്ക്– വല്യയന്തി റോഡിൽ മണലുനിരവിൽ കുരീത്തെറ്റ പട്ടികജാതി കോളനിയിലെ ശശി– പൊന്നമ്മ ദമ്പതികളുടെ മകൾ ശാരികയ്ക്കു പൊള്ളലേറ്റത്. യുവാവ് പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

80 ശതമാനത്തിലേറെ പൊള്ളലേറ്റ ശാരികയെ അന്നു തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് 20നു കോയമ്പത്തൂർ ഗംഗാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ സമീപവാസികളായ രാജീവ്, ജിന്നി, മഹേഷ് എന്നിവർ സഹായവുമായി ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെയാണ് ശാരിക മരിച്ചത്. തെങ്ങു കയറ്റ തൊഴിലാളിയായ ശശിക്കും കൂലിവേല ചെയ്യുന്ന പൊന്നമ്മയ്ക്കും സംസ്കാര കർമങ്ങൾക്കുള്ള ചെലവുകൾ താങ്ങാവുന്നതല്ല എന്നറിഞ്ഞ കടമ്മനിട്ട സെന്റ് ജോൺസ് മലങ്കര കത്തോലിക്കാ പള്ളി ഭാരവാഹികൾ ആ ചെലവ് ഏറ്റെടുത്തു.

വീട്ടിൽ ഇടമില്ലെങ്കിൽ കല്ലറ വിട്ടുകൊടുക്കാൻ ഒരുക്കമാണെന്നും പള്ളി കമ്മിറ്റിക്കാർ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് വീട്ടിലെത്തിയ ആന്റോ ആന്റണി എംപി ഇന്നലെത്തന്നെ പോസ്റ്റ്മോർട്ടം ചെയ്തു മൃതദേഹം വിട്ടുകൊടുക്കണമെന്ന് ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടത് ആശ്വാസമായി. കോട്ടയത്തു നിന്ന് ആംബുലൻസ് ഏർപ്പാടാക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ മുൻകയ്യെടുത്തു.

പഞ്ചായത്ത് പ്രസിഡ‍ന്റ് ശ്രീകാന്ത് കളരിക്കൽ, വാർഡ് അംഗം പൊന്നമ്മ മാത്യു എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി വീട്ടുകാർക്ക് സഹായവുമായി കൂടെ നിന്നു. ശാരികയുടെ വീട്ടിൽ സ്ഥലമില്ലാത്തതിനാൽ സമീപത്തെ കാട്ടുകല്ലിൽ ബെന്നി തന്റെ വീട്ടിൽ മൃതദേഹം വയ്ക്കാ‍ൻ സ്ഥലമൊരുക്കുകയായിരുന്നു. മുറ്റത്ത് വീടിനും കിണറിനുമിടയിലാണ് ചിതയൊരുക്കിയത്. സഹോദരൻ ശരത് ചിതയ്ക്കു തീ കൊളുത്തി. വീണാ ജോർജ് എംഎൽഎ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.