കൊച്ചി മെട്രോയിൽ വൈഫൈ

കൊച്ചി ∙ കൊച്ചി മെട്രോ ട്രെയിനുകളിൽ വൈകാതെ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കുമെന്നു കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്. ആദ്യ അരമണിക്കൂർ വൈഫൈ സേവനം സൗജന്യമായിരിക്കും. ബസുകളിലും വൈഫൈ പരീക്ഷണഘട്ടത്തിലാണ്. ഏകീകൃത നഗരഗതാഗത അതോറിറ്റി (ഉംട്ട) നിലവിൽ വരുന്നതോടെ വിവിധ ഗതാഗതമാർഗങ്ങളെ സംയോജിപ്പിക്കുന്ന നഗരമായി കൊച്ചി മാറും.

മെട്രോയും വാട്ടർ മെട്രോയും സാമൂഹിക ജീവിതത്തിൽ വളരെയേറെ മാറ്റങ്ങൾ കൊണ്ടുവരും. ഉംട്ട ബിൽ നിയമസഭയിൽ പാസ്സാകുന്നതോടെ ഇതിനുള്ള നടപടികൾ  വേഗത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. വാട്ടർ മെട്രോയ്ക്കായി ആധുനിക ഫൈബർ ബോട്ടുകൾ വാങ്ങാനുള്ള കരാർ നടപടികൾ കെഎംആർഎൽ വൈകാതെ ആരംഭിക്കും. ഇടപ്പള്ളി, ആലുവ ജംക്‌ഷനുകൾ ലോകനിലവാരത്തിൽ നവീകരിക്കുന്ന നടപടി ആരംഭിച്ചുവെന്നും ആറു  മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.