കേന്ദ്ര മെട്രോ നയത്തിന് മാതൃക കൊച്ചി മെട്രോ

കൊച്ചി ∙ പുതിയ മെട്രോ നയ രൂപീകരണത്തിനു കേന്ദ്രത്തിനു മാതൃകയായതു കൊച്ചി മെട്രോ. പൊതു സ്വകാര്യ പങ്കാളിത്തം നിർബന്ധമാക്കുന്ന മൂന്നു മാതൃകകളാണു പുതിയ നയത്തിലുള്ളതെങ്കിലും സ്വകാര്യ പങ്കാളിത്തത്തെ എതിർക്കുന്ന കേരളത്തിനും പുതിയ നയം ഗുണകരമാണ്.

പദ്ധതിച്ചെലവിന്റെ 10% കേന്ദ്രം ഗ്രാന്റു നൽകുന്ന മാതൃക, കേന്ദ്രത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങോടെയുള്ള പിപിപി (പബ്ലിക്, പ്രൈവറ്റ് പാർട്ടിസിപ്പേഷൻ) മാതൃക, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 50:50% ഓഹരി പങ്കിടുന്ന മാതൃക എന്നിവയാണു പുതിയ നയത്തിലെ മൂന്നു മാതൃകകൾ. ഇതിൽ അവസാനത്തേതാണു കൊച്ചിയിൽ നടപ്പിലാക്കിയത്.

മൂന്നു മാതൃകയിൽ ഏതു സ്വീകരിച്ചാലും സ്വകാര്യ പങ്കാളിത്തം വേണം. കൊച്ചിയിൽ ടിക്കറ്റ് കലക്‌ഷനു ആക്സിസ് ബാങ്കുമായി ചേർന്നു തയാറാക്കിയ ‘കൊച്ചി വൺ’ ഡെബിറ്റ് കാർഡ്–ടിക്കറ്റ് കാർഡ് സംവിധാനം സ്വകാര്യ പങ്കാളിത്ത മാതൃകയായി പുതിയ നയത്തിൽ അംഗീകരിച്ചിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം മെട്രോകൾക്കും ഇൗ മാതൃക സ്വീകരിച്ചാൽ അനുമതിക്കു സ്വകാര്യ പങ്കാളിത്തമെന്ന കടമ്പ കടക്കാം.

മെട്രോ റൂട്ടിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിലേക്കു ഫീഡർ സർവീസുകൾ ഏർപ്പെടുത്തണമെന്ന നിർദേശവും ടിക്കറ്റ് പിരിവിലെ പുതിയ മാതൃകയും ഉൾപ്പെടെ പുതിയ നയത്തിൽ ഒട്ടേറെ കാര്യങ്ങളിൽ കൊച്ചി മെട്രോയെ മാതൃകയാക്കിയിട്ടുണ്ട്. 

പുതിയ നയത്തിന്റെ ഏതാണ്ട് എല്ലാ ഘടകങ്ങളും കൊച്ചി മെട്രോയിൽ നടപ്പാക്കിയിട്ടുണ്ടെന്നതാണു പ്രത്യേകത. പുതിയ മെട്രോ പദ്ധതികൾ അംഗീകരിക്കാൻ എട്ടു ശതമാനം ധനകാര്യ റിട്ടേണും 14% സാമ്പത്തിക റിട്ടേണും വേണം. ബാലൻസ് ഷീറ്റിലെ വരുമാനമാണ് ധനകാര്യ റിട്ടേൺ. നഗരത്തിനു മൊത്തമായി ലഭിക്കുന്ന സാമ്പത്തിക ലാഭമാണു സാമ്പത്തിക റിട്ടേൺ. കൊച്ചിയിൽ ഇതു രണ്ടും കുറഞ്ഞ പരിധിയിലും മുകളിലാണ്. 

കൊച്ചി രണ്ടാംഘട്ടം വേഗത്തിലാവും

കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്നു കാക്കനാട് ഇൻഫോ പാർക്കിലേക്കുള്ള കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന്റെ അനുമതി ഇനി വേഗത്തിലാവും. നയം രൂപീകരിക്കാത്തതുമൂലം രണ്ടാംഘട്ടത്തിന്റെ അനുമതി കേന്ദ്രം ഇതുവരെ പരിഗണിച്ചിട്ടില്ല.

രണ്ടാംഘട്ടത്തിന്റെ പ്രോജക്ട് റിപ്പോർട്ട് കേന്ദ്ര നഗര വികസന മന്ത്രാലയത്തിനു മുന്നിലുണ്ട്. പുതിയ നയം അനുസരിച്ച് ആദ്യം പരിഗണിക്കുക കൊച്ചിയുടെ രണ്ടാംഘട്ടവും വിജയവാഡ മെട്രോയുമായിരിക്കുമെന്നറിയുന്നു. 

ഇനി തിരുവനന്തപുരം, കോഴിക്കോട് 

തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുടെ പ്രോജക്ട് റിപ്പോർട്ട് ഇതുവരെ അനുമതിക്കായി കേന്ദ്രത്തിൽ സമർപ്പിച്ചിട്ടില്ല. രണ്ടു പദ്ധതികൾക്കും 14% സാമ്പത്തിക റിട്ടേൺ ഉറപ്പാക്കുകയെന്നതു വെല്ലുവിളിയാവും. ഇതിനനുസരിച്ച് രണ്ടു പ്രോജക്ട് റിപ്പോർട്ടുകളും ഉടച്ചുവാർക്കേണ്ടി വരും.

ഫീഡർ സർവീസുകളുടെയും വാണിജ്യ പ്രവർത്തനങ്ങളുടെയും കാര്യങ്ങൾ കൂടി റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടി വരും. മൂന്നു മാതൃകകളിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ ഓഹരി പങ്കാളിത്തമുള്ള മാതൃക തന്നെയാവും കോഴിക്കോടിനും തിരുവനന്തപുരത്തിനും വേണ്ടി സംസ്ഥാനം സ്വീകരിക്കുക. 

കൊച്ചി മെട്രോ രണ്ടാംഘട്ടം

∙ കലൂർ ജവാഹർ ലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട് ഇൻഫോപാർക്ക് വരെ. 

∙ ദൂരം 11 കിലോമീറ്റർ  

∙ ഒൻപതു സ്റ്റേഷൻ

∙ ചെലവ് 2577 കോടി രൂപ

തിരുവനന്തപുരം ലൈറ്റ് മെട്രോ 

∙ ടെക്നോ സിറ്റി മുതൽ കരമന വരെ 

∙ ദൂരം 21.82 കിലോമീറ്റർ  

∙ 19 സ്റ്റേഷൻ

∙ ചെലവ് 4219 കോടി രൂപ

കോഴിക്കോട് ലൈറ്റ് മെട്രോ 

∙ മെഡിക്കൽ കോളജ് മുതൽ മീഞ്ചന്ത വരെ

∙ ദൂരം 13.33 കിലോമീറ്റർ

∙ 14 സ്റ്റേഷൻ 

∙ ചെലവ് 2509 കോടി രൂപ