വനിതാ മാവോയിസ്റ്റിന്റെ മരണം: സംശയത്തോടെ പൊലീസ്

പാലക്കാട്∙നാടുകാണി വനമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ മാവോയിസ്റ്റ് വനിതാ നേതാവ് കൊല്ലപ്പെട്ടെന്ന വിവരം ഇനിയും സ്ഥിരീകരിക്കാനാവാതെ പൊലീസ്. സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ടത്തിൽ പ്രവർത്തിക്കുന്ന ഭവാനി ദളത്തിലെ അംഗം മലമ്പുഴ കൊട്ടേക്കാട് കാഞ്ഞിരക്കാട് സ്വദേശി ലത (48) മരിച്ചതായാണു സംഘടന ലഘുലേഖ വഴി അറിയിച്ചത്.

മരണം സ്ഥിരീകരിക്കാനാവാത്ത സാഹചര്യത്തിൽ ഇവർക്കെതിരെയുള്ള ക്രിമിനൽ കേസുകൾ തുടരുമെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ലതയുടെ വീട്ടുകാരോ ബന്ധുക്കളോ പരാതി നൽകാത്ത സാഹചര്യത്തിൽ കാണാതായി എന്ന പേരിൽ കേസെടുത്ത് അന്വേഷണവും സാധ്യമല്ല.

കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മാത്രം മരിച്ചതെങ്ങനെ, മറ്റു സംഘാംഗങ്ങൾക്കു പരുക്കേറ്റിരുന്നോ, വിവരം പുറത്തറിയിക്കാൻ ഒരു മാസത്തിലേറെ വൈകിയതെന്തിന്, കൊല്ലപ്പെട്ടുവെന്നു പറയുന്ന വനമേഖല ഇതു തന്നെയാണോ തുടങ്ങി ഒട്ടേറെ സംശയങ്ങൾ പൊലീസിനുണ്ട്. ഇതേക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണു പൊലീസിലെ ഇന്റേണൽ സെക്യൂരിറ്റി വിഭാഗവും ഇന്റലിജൻസും.