നടിക്കെതിരെ പരാമർശം: പി.സി.ജോർജിനെതിരെ തെളിവെടുപ്പു തുടങ്ങി

ആലപ്പുഴ ∙ ആക്രമിക്കപ്പെട്ട യുവനടിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ പി.സി.ജോർജ് എംഎൽഎയ്ക്കെതിരെ തെളിവെടുപ്പു തുടങ്ങി. കഴിഞ്ഞ ജൂലൈ 31 നു പി.സി.ജോർജ് വിവാദ പത്രസമ്മേളനം നടത്തിയ ആലപ്പുഴ പ്രസ് ക്ലബ്ബിലെത്തി നെടുമ്പ‍ാശേരി സിഐ പി.എം.ബൈജുവാണു വിവരങ്ങൾ ശേഖരിച്ചത്.

വിവാദ പരാമർശങ്ങൾ ഉൾപ്പെട്ട പത്രസമ്മേളനം ചിത്രീകരിച്ച സ്വകാര്യ ചാനലിൽനിന്നു വിഡിയോ പകർപ്പ് പൊലീസ് ശേഖരിച്ചു. പ്രസ് ക്ലബ് ഭാരവാഹികളിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. പത്രസമ്മേളനം നടത്തിയതിന്റെ രേഖകളുടെ പകർപ്പു കസ്റ്റഡിയിലെടുത്തു. വിവാദ പത്രസമ്മേളനത്തെക്കുറിച്ചു നടിക്കു വിവരം നൽകിയ കുടുംബസുഹൃത്തുക്കളുടെ മൊഴിയാണ് ഇനി ശേഖരിക്കാനുള്ളത്. ഇതുകൂടി കഴിഞ്ഞു മാത്രമേ പി.സി.ജോർജിന്റെ മൊഴിയെടുക്കൂ.