Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.സി. ജോർജ് ബിജെപി പക്ഷത്തേക്ക്

P.C. George

തിരുവനന്തപുരം ∙ പൂഞ്ഞാറിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ പി.സി.ജോർജ് ബിജെപി പാളയത്തിലേക്ക്. നിയമസഭയിൽ ഇനി ബിജെപിയുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നു ജോർജ് വ്യക്തമാക്കി. പുറത്തും സഹകരണമുണ്ടാകും. എന്നാൽ ബിജെപിയിൽ ചേരാനില്ല– അദ്ദേഹം അറിയിച്ചു. ഇതോടെ ഒ.രാജഗോപാലിനെ കൂടാതെ നിയമസഭയിൽ ബിജെപിക്കു വേണ്ടി ശബ്ദിക്കാൻ ഒരാൾ കൂടിയായി. ശബരിമല പ്രശ്നത്തിൽ ബിജെപിയുമായി അടുത്തതിനുശേഷമാണു ജോർജ് നിയമസഭയിൽ ഒപ്പം കൈകോർക്കുന്നത്. അദ്ദേഹവുമായി ചർച്ച നടത്തി ബിജെപി പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള സഹകരണത്തിനു മുൻകൈയെടുത്തു.

കേരള ജനപക്ഷം എന്ന സ്വതന്ത്രസംഘടനയുടെ നേതാവായി പ്രവർത്തിക്കുന്ന ജോർജ് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ്–എൽഡിഎഫ്–ബിജെപി സ്ഥാനാർഥികൾക്കെതിരെ മത്സരിച്ചാണു പൂഞ്ഞാറിൽ ജയിച്ചത്. കേരള കോൺഗ്രസ് നേതാവായി ഇടതു–വലതു മുന്നണികളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ഒടുവിൽ എൻഡിഎയുടെയും ഭാഗമാകുന്നു.

കോൺഗ്രസും സിപിഎമ്മും ചേർന്നു ബിജെപിയെ തോൽപ്പിക്കുന്ന രീതിക്ക് ഇനി കേരളത്തിൽ പ്രസക്തിയില്ലെന്നു ജോർജ് പറഞ്ഞു. ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദിയുടെ പാർട്ടിയെ അങ്ങനെ അപമാനിച്ചു മാറ്റിനിർത്തേണ്ട കാര്യമില്ല. ബിജെപി കുഴപ്പമാണെന്നു കരുതുന്നില്ല. ഹിന്ദുവർഗീയത വളർത്താൻ ശ്രമിക്കുന്ന പിണറായി വിജയനോളം വർഗീയവാദി വേറെയില്ല. നിയമസഭയിൽ യുഡിഎഫുമായും എൽഡിഎഫുമായും സഹകരിക്കാനൊരുക്കമായിരുന്നുവെങ്കിലും ആരും തയാറായില്ല. അതുകൊണ്ട് ബിജെപിയുമായി യോജിക്കുന്നു.

ഒ.രാജഗോപാലിനും തനിക്കും ഓരോ മിനിറ്റ് വീതമാണ് സഭയിൽ പ്രസംഗിക്കാൻ ലഭിക്കുന്നത്. കിട്ടുന്ന ഈ സമയം പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. തനിക്കു സംസാരിക്കാൻ അവസരം തരുന്ന രാജഗോപാലുമായി ചേർന്ന് അവിടെ പ്രവർത്തിക്കും. ശബരിമല വിഷയത്തിൽ ബിജെപിയോട് സ്നേഹം കൂടുതലാണെന്നും ജോർജ് പറഞ്ഞു.

രാവിലെ ‘വർഗീയ ശക്തികൾക്കെതിരെ’

സ്വന്തം മണ്ഡലത്തിൽ വർഗീയ ശക്തികൾക്കെതിരെ പോരാടിയ വ്യക്തിയായിരുന്നു അന്തരിച്ച മഞ്ചേശ്വരം എംഎൽഎ പി.ബി അബ്ദുൽ റസാഖെന്നു രാവിലെ നിയമസഭയിൽ പി.സി.ജോർജ്. ബിജെപി നേതാവ് കെ. സുരേന്ദ്രനെ നേരിയ വോട്ടിനു തോൽപ്പിച്ചു നിയമസഭയിലെത്തിയ റസാഖിനെ അനുസ്മരിക്കുമ്പോഴാണു വർഗീയ ശക്തികൾക്കെതിരെ ജോർജ് തിരിഞ്ഞത്.