നടുക്കുന്ന ഒാർമകളിൽ സിസ്റ്റർ സാലി

സിസ്‌റ്റർ സാലി

ന്യൂഡൽഹി ∙ ‘‘കഴിഞ്ഞ ഒന്നര വർഷമായി ഞാൻ പ്രാർഥിച്ചത് ഇതു കേൾക്കാനാണ്, ഈ ദിവസത്തിനുവേണ്ടിയാണ്‘‘ എന്നു പറഞ്ഞ് സിസ്‌റ്റർ സാലി വിതുമ്പിക്കരഞ്ഞു. ബെയ്‌റൂട്ടിൽ മിഷനറീസ് ഓഫ് ചാരിറ്റി സന്യാനിസികൾ നടത്തുന്ന ഹോം ഓഫ് പീസിൽ നിന്നാണ് സിസ്‌റ്റർ സാലി, ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തെക്കുറിച്ചു മനോരമയോടു സംസാരിച്ചത്.

അന്ന്, 2016 മാർച്ച് നാലിന്, തെക്കൻ യെമനിലെ വൃദ്ധസദനത്തിൽ നടന്ന ഭീകരാക്രമണത്തിൽ രക്ഷപ്പെട്ട സിസ്‌റ്റർ സാലി പ്രശ്‌നസാധ്യതയുള്ള സ്‌ഥലത്തേക്ക് വീണ്ടും സേവനത്തിനായി പോയതിനെക്കുറിച്ചും പറഞ്ഞു: ‘‘ഞങ്ങൾ മിഷനറിമാരാണ്. സ്വന്തം ജീവൻ സംരക്ഷിക്കാനല്ല, മറ്റുള്ളവർക്കായി ജീവിക്കാൻ തീരുമാനിച്ചിറങ്ങിയവരാണ്. ഇവിടെ കുട്ടികളും രോഗികളുമാണ് ഞങ്ങളുടെ സംരക്ഷണയിലുള്ളത്.’’