എന്നെ കസേരയിൽ ഇരുത്തി; കൺമുന്നിൽ രണ്ട് കന്യാസ്ത്രീകളെ വധിച്ചു: ഫാ. ടോം

വത്തിക്കാൻ സിറ്റി ∙ കാവൽക്കാരന്റെ മുറിയിലെ കസേരയിൽ തന്നെ പിടിച്ചിരുത്തിയശേഷം വൃദ്ധസദനത്തിൽനിന്നു നാലു കന്യാസ്ത്രീകളെ വിളിച്ചിറക്കിക്കൊണ്ടുവന്നു വെടിവച്ചു കൊല്ലുകയായിരുന്നുവെന്നു യെമനിൽ ഭീകരരുടെ പിടിയിൽനിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിൽ.

‘2016 മാർച്ച് നാലാം തീയതി വെള്ളിയാഴ്ച രാവിലെ 8.40ന് ആയിരുന്നു സംഭവം. തിരുവത്താഴകർമവും പ്രഭാതഭക്ഷണവും കഴിഞ്ഞു ചാപ്പലിൽ അൽപനേരം പ്രാർഥിച്ചശേഷം പുറത്തിറങ്ങുമ്പോൾ വെടിയൊച്ച കേട്ടു. അക്രമികളിൽ പ്രധാനി എന്റെ കൈയിൽ പിടിച്ചു. ഇന്ത്യക്കാരനാണു ഞാനെന്നു പറഞ്ഞു. അയാളെന്നെ ക്യാംപസിന്റെ പ്രധാന ഗെയിറ്റിനടുത്തുള്ള കാവൽക്കാരന്റെ മുറിയിൽ കസേരയിൽ പിടിച്ചിരുത്തി.

കന്യാസ്ത്രീകൾ അഞ്ചുപേരും അപ്പോൾ വൃദ്ധരെ പരിചരിക്കുകയായിരുന്നു. അവരിൽ രണ്ടുപേരെ ആദ്യം ഗെയ്റ്റിനടുത്തേയ്ക്കു കൊണ്ടുവന്നു. മടങ്ങിപ്പോയി വീണ്ടും രണ്ടുപേരെ കൂടി കൊണ്ടുവന്നു. അഞ്ചാമത്തെയാളെ തേടി പോയെങ്കിലും കാണാൻ കഴിയാതെ അയാൾ തിരിച്ചെത്തി. പിന്നീടു രണ്ടു സിസ്റ്റർമാരെ എന്റെ കാഴ്ചയിൽ പെടാത്ത സ്ഥലത്തേയ്ക്കു മാറ്റിനിർത്തി വെടിയുതിർത്തു. തിരിച്ചുവന്നു മറ്റു രണ്ടു പേരെ എന്റെ മുന്നിലേക്കു കൂട്ടിക്കൊണ്ടുവന്നു കൊലപ്പെടുത്തി. ദൈവത്തിന്റെ കാരുണ്യത്തിനായി ഞാൻ പ്രാർഥിച്ചുകൊണ്ടിരുന്നു. ഞാൻ കരഞ്ഞില്ല. മരണത്തെ ഭയപ്പെട്ടതുമില്ല.’– ഫാം. ടോം പറഞ്ഞു.

പിന്നീട് അവർ തന്നെ പിടിച്ചുകൊണ്ടുപോയി പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡിക്കിയിലിട്ട് അടച്ചുവെന്നും ആരാധനാ വസ്തുക്കളും മറ്റും അതിനുള്ളിലേക്ക് എറിഞ്ഞെന്നും ഫാ. ടോം ഓർക്കുന്നു. അതിനുശേഷമാണ് അജ്ഞാത കേന്ദ്രത്തിലേക്കുള്ള യാത്ര തുടങ്ങിയത്. പകലും രാത്രിയിലും ഉണർന്നിരിക്കുമ്പോഴെല്ലാം പ്രാർഥിച്ചുകൊണ്ടിരുന്നു. വേദപുസ്തകമോ പ്രാർഥനാപുസ്തകമോ വീഞ്ഞോ അപ്പമോ ഇല്ലാതെ കുർബാന അർപ്പിച്ചു. സഭയ്ക്കുവേണ്ടിയും ഇടവകയ്ക്കു വേണ്ടിയും കുടുംബത്തിനു വേണ്ടിയും രോഗികൾക്കു വേണ്ടിയും പ്രാർഥിച്ചുകൊണ്ടിരുന്നു– അദ്ദേഹം തുടർന്നു.

‘മോചനദ്രവ്യം കിട്ടുന്നതിനായി എന്റെ വിഡിയോ എടുക്കുന്ന കാര്യം അവർ നേരത്തെ പറഞ്ഞിരുന്നു. അനുസരിക്കുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു. എനിക്കു നേരെ നിറയൊഴിക്കുന്നതായി തോന്നുംവിധം അവർ വെടിവയ്ക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്തുവെങ്കിലും ഒരിക്കലും എന്നെ ഉപദ്രവിച്ചില്ല. വിഡിയോ ദൃശ്യങ്ങളിലൂടെ വേഗം പണം സംഘടിപ്പിക്കാമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു.– ഫാ. ടോം വിശദീകരിച്ചു.