Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മർദനമേറ്റ ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്തതെന്തിന്: ഹൈക്കോടതി

കൊച്ചി ∙ യാത്രക്കാരായ സ്ത്രീകളുടെ മർദനമേറ്റെന്നു പരാതിപ്പെട്ട ഓൺലൈൻ ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്ത സാഹചര്യം വിശദീകരിക്കണമെന്നു ഹൈക്കോടതി. കേസിന്റെ സാഹചര്യവും വസ്തുതകളും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിക്കണം. തൽക്കാലം ഡ്രൈവറുടെ അറസ്റ്റ് പാടില്ലെന്നു പറഞ്ഞ കോടതി കേസ് അടുത്ത ചൊവ്വാഴ്ചയിലേക്കു മാറ്റി.  

കുമ്പളം സ്വദേശി പി.ഐ. ഷെഫീഖ് സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയാണു കോടതി പരിഗണിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് കേസിൽ ഉൾപ്പെട്ടതെങ്ങനെയെന്നു കോടതി ചോദിച്ചു. പരാതിക്കാർ സ്ത്രീകളായതുകൊണ്ടാണോ അതോ പരാതിയിൽ വെളിപ്പെട്ട പ്രകാരമാണോ വകുപ്പ് ഉൾപ്പെടുത്തിയതെന്നും ചോദിച്ചു.

കഴിഞ്ഞ 20ന് ആയിരുന്നു സംഭവം. ഷെയർ ടാക്സി വിളിച്ച സ്ത്രീകൾ കാറിൽ മറ്റൊരാൾ യാത്രചെയ്യുന്നതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നു പൊതുജനമധ്യേ തന്നെ മർദ്ദിച്ചെന്നും കല്ലുകൊണ്ട് ആക്രമിച്ചെന്നും വസ്ത്രാക്ഷേപം നടത്തിയെന്നും ഹർജിക്കാരൻ പറയുന്നു. തന്റെ പരാതിയിൽ പൊലീസ് കേസെടുത്തശേഷം തന്നെ ആശുപത്രിയിലാക്കി.

എന്നാൽ, താൻ ആശുപത്രി വിടുംമുൻപേ സ്ത്രീകൾക്കു ജാമ്യം കിട്ടി. അവരുടെ പരാതിയിൽ തനിക്കെതിരെ കേസെടുത്തു. എഫ്ഐആറിൽ പറയുന്നപോലെയല്ല വസ്തുതകളെന്നും താൻ നിരപരാധിയാണെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു.