Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സുമാരു‍ടെ ശമ്പള വർധന: തീരുമാനം വൈകും

nurse-representational-image

തിരുവനന്തപുരം ∙ സ്വകാര്യ ആശുപത്രി നഴ്സുമാരു‍ടെയും ജീവനക്കാരുടെയും ശമ്പള വർധനയിൽ തീരുമാനത്തിനു നാലുമാസത്തിലേറെ കാത്തിരിക്കേണ്ടിവരും. ശമ്പളവർധനയെക്കുറിച്ചു ചർച്ച ചെയ്യാൻ ഇന്നു വ്യവസായ ബന്ധസമിതി യോഗം ചേരുന്നുണ്ടെങ്കിലും അന്തിമ തീരുമാനത്തിനു സാധ്യത കുറവാണ്.

ജൂലൈ 20നു മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിൽ 50 കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാർക്ക് 20,000 രൂപ ശമ്പളം തീരുമാനിച്ചിരുന്നു. സുപ്രീം കോടതി നിയോഗിച്ച സമിതി ശുപാർശ ചെയ്ത ശമ്പളമാണ് ഇത്. ഇതിൽ കൂടുതൽ കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാർക്കു ശമ്പളം നിശ്ചയിക്കാൻ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചു. ഈ സമിതിയും സുപ്രീംകോടതി നിർദേശിച്ച ശമ്പളമാണു ശുപാർശ ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് 50 മുതൽ 100 വരെ കിടക്കകൾ– 20,900 രൂപ. 100 മുതൽ 200 വരെ കിടക്കകൾ– 25,500 രൂപ, 200നു മുകളിൽ കിടക്കകൾ– 27,800 രൂപ എന്നിങ്ങനെ ശമ്പളം നൽകണം. ഈ റിപ്പോർട്ട് അനുസരിച്ചു സെപ്റ്റംബർ 25നു വ്യവസായ ബന്ധസമിതി യോഗം ചേർന്നുവെങ്കിലും തീരുമാനം എടുത്തില്ല. നഴ്സ് ഒഴികെയുള്ള 171 തസ്തികകളിലെ ശമ്പളം ആദ്യം തീരുമാനിക്കണമെന്നു മാനേജ്മെന്റ് പ്രതിനിധികൾ ആവശ്യപ്പെട്ടു.

ജൂലൈ 10നു വ്യവസായബന്ധസമിതി യോഗത്തിൽ അടിസ്ഥാന ജീവനക്കാർക്ക് 15,640 രൂപ ശമ്പളം നിശ്ചയിച്ചിരുന്നു. ശേഷിക്കുന്ന 170 തസ്തികകളിൽ ശമ്പളം നിർണയിച്ചശേഷം നഴ്സുമാരുടെ വിഷയം പരിഗണിച്ചാൽ മതിയെന്ന നിലപാടിലാണു മാനേജ്മെന്റുകൾ. അടിസ്ഥാന ജീവനക്കാരുടെ ശമ്പളത്തിൽ നിന്നു മുകളിലേക്കുള്ള തസ്തികകളിൽ ശമ്പളം നിശ്ചയിക്കണം. എന്നാൽ സർക്കാരിന്റെ പുതിയ തൊഴിൽനയപ്രകാരം എല്ലാ തൊഴിൽമേഖലയിലും കുറഞ്ഞ ശമ്പളം 18,000 രൂപയാണ്. ആശുപത്രികളിലെ അടിസ്ഥാന ജീവനക്കാർക്ക് ഇത്രയും ശമ്പളം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. വ്യവസായബന്ധ സമിതി ഇക്കാര്യത്തിൽ എന്തു നിലപാടു സ്വീകരിക്കുമെന്നതനുസരിച്ചായിരിക്കും മറ്റു തസ്തികകളുടെ ശമ്പളം തീരുമാനിക്കുക. എന്നിട്ടുവേണം നഴ്സുമാരുടെ ശമ്പളത്തെക്കുറിച്ചുള്ള ഉദ്യോഗസ്ഥസമിതിയുടെ റിപ്പോർട്ട് പരിഗണനയ്ക്കെടുക്കേണ്ടത്.

സമിതി തീരുമാനം എടുത്തു മിനിമം വേജസ് അഡ്വൈസറി കമ്മിറ്റിക്കു നൽകണം. അവർക്കു പരാതി സ്വീകരിക്കാനും ഹിയറിങ് നടത്താനും നാലുമാസംവരെ എടുക്കാം. വ്യവസായബന്ധസമിതിയുടെ തീരുമാനം നീണ്ടുപോയാൽ ശമ്പളം പരിഷ്കരണത്തിന് ഏറെ കാത്തിരിക്കേണ്ടിവരും.