കുമ്മനത്തിന്റെ ജനരക്ഷാ യാത്രയ്ക്ക് ഇന്നു സമാപനം; അമിത് ഷായും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും

തിരുവനന്തപുരം∙ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് ഇന്നു തലസ്ഥാനത്തു വൻ റാലിയോടെ സമാപനം. ദേശീയ അധ്യക്ഷൻ അമിത്ഷായും കേന്ദ്ര നേതാക്കളും പങ്കെടുക്കും.

രാവിലെ പത്തരയ്ക്കു കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ശ്രീകാര്യത്തു പദയാത്ര ഉദ്ഘാടനം ചെയ്യും. രണ്ടിനു പട്ടത്തു കേന്ദ്രമന്ത്രി അശ്വിനികുമാർ ചൗബേയുടെ അഭിവാദ്യ പ്രസംഗത്തിനുശേഷം അമിത് ഷാ ജാഥയിൽ പങ്കാളിയാകും. പട്ടം മുതൽ പാളയം വരെ തുറന്ന ജീപ്പിൽ സഞ്ചരിച്ചശേഷം പാളയം മുതൽ സമാപന സമ്മേളനവേദിയായ പുത്തരിക്കണ്ടം വരെ അമിത് ഷാ പദയാത്രയായി പങ്കെടുക്കും. ശ്രീകാര്യം മുതൽ‍ പുത്തരിക്കണ്ടം വരെയുള്ള പദയാത്രയിൽ അരലക്ഷം പേർ അണിനിരക്കുമെന്നു ബിജെപി അറിയിച്ചു.

അഞ്ചിനു പൊതുസമ്മേളനത്തിൽ അമിത് ഷാ പ്രസംഗിക്കും. എൻഡിഎ ഘടകകക്ഷി നേതാക്കളായ തുഷാർ വെള്ളാപ്പള്ളി, സി.കെ.ജാനു തുടങ്ങിയവരും വേദിയിലുണ്ടാകും. കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരായ രാജേഷിന്റെയും (ശ്രീകാര്യം) രഞ്ജിത്തിന്റെയും (മണ്ണന്തല) വീടുകൾ കുമ്മനവും ജാഥാംഗങ്ങളും രാവിലെ 9.30നു സന്ദർശിച്ചശേഷമാവും തലസ്ഥാനത്തെ പര്യടനം. ചുവപ്പ്–ജിഹാദി ഭീകരതയ്ക്കെതിരെ എന്ന മുദ്രാവാക്യവുമായി കണ്ണൂരിൽ ഈ മാസം മൂന്നിനാണ് അമിത് ഷാ ജാഥ ഉദ്ഘാടനം ചെയ്തത്. 12 കേന്ദ്രമന്ത്രിമാരെയും നാലു ബിജെപി മുഖ്യമന്ത്രിമാരെയും വിവിധ കേന്ദ്രങ്ങളിൽ അണിനിരത്തിയ ജാഥ വിവാദങ്ങളിലേറിയാണു തലസ്ഥാനത്തു സമാപിക്കുന്നത്.