പ്രസാദം ഭുജിച്ച്, തിരുമുറ്റം കടന്ന്, കൊടിമരച്ചുവട്ടിലൂടെ ചരിത്രത്തിലേക്കു പടികയറി മുഖ്യമന്ത്രി പിണറായി

ശബരിമലയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനു മാളികപ്പുറം ക്ഷേത്രനടയിൽ മേൽശാന്തി പുതുമന മനു നമ്പൂതിരി പ്രസാദം നൽകുന്നു. എ.പി.ജയൻ, ജോയ്സ് ജോർജ് എംപി, മന്ത്രി ഇ. ചന്ദ്രശേഖരൻ, പ്രയാർ ഗോപാലകൃഷ്ണൻ, രാജു ഏബ്രഹാം എംഎൽഎ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ സമീപം. ചിത്രം: നിഖിൽരാജ്

ശബരിമല ∙ പ്രസാദത്തിന്റെ രുചിയറിഞ്ഞപ്പോൾ കുറച്ചുകൂടി ആവാമെന്നു മുഖ്യമന്ത്രി. വാവരുസ്വാമി നടയിൽനിന്ന് കൽക്കണ്ടവും അരിയും കുരുമുളകും പൊടിച്ചു ചേർത്ത പ്രസാദം കർമി നൽകിയതു വായിലിട്ടു രുചിയറിഞ്ഞപ്പോഴാണ് പിന്നെയും പ്രസാദത്തിനായി മുഖ്യമന്ത്രി കൈ നീട്ടിയത്. അതും കഴിച്ച്, ‘ഇതു കൊള്ളാം’ എന്നു പറഞ്ഞ് പിന്നെയും കൈ നീട്ടി. വീണ്ടും കഴിച്ചു. അങ്ങനെ ചരിത്രത്തിൽ ആദ്യമായി തിരുമുറ്റത്തെത്തിയ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന സവിശേഷത പിണറായി വിജയന്.

സോപാനവും മാളികപ്പുറവും കൊച്ചുകടുത്ത സ്വാമി നടയും സന്ദർശിച്ച ശേഷമാണ് അദ്ദേഹം വാവരുനടയിലെത്തിയത്. മാളികപ്പുറത്തുനിന്നും അദ്ദേഹം പ്രസാദം സ്വീകരിച്ചു. അവലോകന യോഗത്തിനു ശേഷം 12.15ന് ജീവനക്കാർക്കുള്ള ഗേറ്റ് വഴിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരായ മാത്യു ടി.തോമസ്, ഇ.ചന്ദ്രശേഖരൻ, കെ.രാജു, ജി.സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരും തിരുമുറ്റത്തെത്തിയത്. കൊടിമരച്ചുവട്ടിലെത്തിയപ്പോൾ രസം ഒഴിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങൾ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ മുഖ്യമന്ത്രിയോടു വിശദീകരിച്ചു.

കൊടിമരം ഒന്നു നോക്കിയ ശേഷം മുഖ്യമന്ത്രി സോപാനത്തിലേക്കു നടന്നു. പൊന്നമ്പലമേടും പ്രസിഡന്റ് കാണിച്ചുകൊടുത്തു. സോപാനത്തിൽ ഈ സമയം ദർശനം നിയന്ത്രിച്ചിരുന്നു. നടയിൽനിന്ന് അകത്തേക്കു നോക്കി ‘വിഗ്രഹത്തിൽ മാല ചാർത്താത്തതെന്തേ’ എന്നു മുഖ്യമന്ത്രി തിരക്കി. ഉച്ചപൂജയുടെ കലശാഭിഷേകത്തിനുള്ള ഒരുക്കമാണെന്ന് പ്രസിഡന്റ് മറുപടി പറഞ്ഞു. മാളികപ്പുറത്തെത്തിയപ്പോൾ മേൽശാന്തി പുതുമന മനു നമ്പൂതിരി മഞ്ഞൾ പ്രസാദം ഇലയിൽ നൽകി. മുഖ്യമന്ത്രി അത് ഇരുകയ്യും നീട്ടി സ്വീകരിച്ചു.

കൊച്ചുകടുത്ത സ്വാമി നട കാണിച്ചു കൊടുത്ത പ്രയാർ താഴേക്കു പോകാൻ തിടുക്കം കാട്ടിയപ്പോൾ ‘ഞാനിതൊക്കെയൊന്നു കാണട്ടെ’ എന്നായി മുഖ്യമന്ത്രി. കടുത്ത സ്വാമിയുടെ നടയിലെത്തി അകത്തുണ്ടായിരുന്ന ശാന്തിക്കാരോട് നാടെവിടെയാണെന്നും തിരക്കി. അതിനു ശേഷമാണ് വാവരുനടയിലെത്തി കർമി വി.എസ്.അബ്ദുൽ റഷീദ് മുസല്യാരിൽനിന്ന് പ്രസാദം വാങ്ങി കഴിച്ചത്.