കൊച്ചി മെട്രോയ്‌ക്ക് കേന്ദ്ര പുരസ്‌കാരം

ന്യൂഡൽഹി ∙ നഗര ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്ന മികച്ച പദ്ധതിക്കുള്ള കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ പുരസ്‌കാരം കൊച്ചി മെട്രോയ്‌ക്ക്. റെയിൽ, റോഡ്, ജല ഗതാഗത പദ്ധതികൾ ഏകോപിപ്പിച്ചുള്ള മികച്ച നഗര ഗതാഗത മാതൃകയാണു കൊച്ചി മെട്രോ റെയിൽ കോർപറേഷന്റെ (കെഎംആർഎൽ) നേതൃത്വത്തിൽ നടപ്പാക്കുന്നതെന്നു നഗരവികസന മന്ത്രാലയ മുൻ സെക്രട്ടറി ഡോ.എം.രാമചന്ദ്രൻ അധ്യക്ഷനായ ജൂറി വിലയിരുത്തി.

നഗരവികസന മന്ത്രാലയം വർഷംതോറും നടത്തുന്ന രാജ്യാന്തര പരിപാടിയായ അർബൻ മൊബിലിറ്റി ഇന്ത്യ (യുഎംഐ) സമ്മേളത്തിന്റെ ഭാഗമായാണു മികച്ച നഗരവികസന മാതൃകകൾ തിരഞ്ഞെടുക്കുന്നത്. പുരസ്‌കാരം ഈ മാസം ആറിനു ഹൈദരാബാദിൽ യുഎംഎ സമ്മേളനത്തിൽ കേന്ദ്ര നഗരവികസനന മന്ത്രി ഹർദീപ്‌സിങ് പുരി നൽകും. മെട്രോ റെയിൽ കമ്പനിയെ നഗരഗതാഗത വികസനത്തിന്റെ ചുമതലയേൽപിച്ചതു തന്നെ ശ്രദ്ധേയമായ നടപടിയാണെന്നു ജൂറി അഭിപ്രായപ്പെട്ടു.

നയാ റായ്‌പുർ, ചെന്നൈ ഉൾപ്പെടെയുള്ള നഗരവികസന മാതൃകകളെ പിന്തള്ളിയാണു കൊച്ചി മെട്രോ പുരസ്‌കാരം നേടിയത്. നഗരത്തിന്റെ ഏതു ഭാഗത്തും അര കിലോമീറ്ററിനുള്ളിൽ ഏതെങ്കിലും പൊതു ഗതാഗത സംവിധാനമുറപ്പാക്കപ്പെടുന്നു. പുതിയ സാങ്കേതിക വിദ്യകൾ ബസുകളിലും ഓട്ടോറിക്ഷകളിലും മറ്റും ഉപയോഗിക്കുന്നു. സിവിൽ സർവീസിലെ മുതിർന്ന ഉദ്യോഗസ്‌ഥനാണു പദ്ധതികൾക്കു ചുക്കാൻപിടിച്ചതെന്നതു നടത്തിപ്പും അനുമതികളും സുഗമമാക്കിയെന്നും ജൂറി വിലയിരുത്തി.