അഴിമതി ആരേ‌ാപണത്തിൽ നടപടി; എക്സൈസ് മെഡൽ തിരിച്ചെടുത്തു

തിരുവനന്തപുരം∙ എക്സൈസ് ഇൻസ്പെക്ടർ എസ്. അശോക് കുമാറിനു നൽകിയ, മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ അഴിമതി ആരോപണത്തിൽ നടപടി നേരിട്ടതിനെതുടർന്നു സർക്കാർ റദ്ദാക്കി. ഇതാദ്യമായാണ് എക്സൈസ് വകുപ്പിൽ ഉദ്യോഗസ്ഥനു നൽകിയ മെഡൽ റദ്ദാക്കുന്നത്. എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നികുതി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസാണു മെഡൽ റദ്ദാക്കിയത്.

2010 ലാണു മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചത്. എക്സൈസ് വിജിലൻസ് ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അശോക് കുമാറിനെയും രണ്ടു സിവിൽ എക്സൈസ് ഓഫിസർമാരെയും കഴിഞ്ഞ വർഷം സസ്പെൻഡു ചെയ്തിരുന്നു. തിരുവല്ല എക്സൈസ് റേഞ്ചിലെ അബ്കാരി കേസ് പ്രതിയുടെ വീട്ടിൽ നിന്നു സ്പിരിറ്റ് പിടികൂടിയ സമയം കൈക്കൂലി വാങ്ങിയെന്നായിരുന്നു റിപ്പോർട്ട്.

28 കന്നാസ് സ്പിരിറ്റാണു പിടികൂടിയത്. അന്നു പത്തനംതിട്ട എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഇൻസ്പെക്ടറായിരുന്നു അശോക് കുമാർ. കേസിൽ നിന്ന് ഒഴിവാക്കാമെന്നു പറഞ്ഞു പ്രതിയിൽ നിന്നു 4,62,000 രൂപ വാങ്ങിയെന്നും എന്നാൽ കോടതിയിൽ 2,25,000 രൂപ മാത്രമാണു ഹാജരാക്കിയതെന്നും പ്രതി വിജിലൻസ് സംഘത്തിനു മൊഴി നൽകിയിരുന്നു.

സ്പിരിറ്റ് കടത്തിയെന്ന പേരിൽ പ്രതിയുടെ വീട്ടിലിരുന്ന സ്കൂട്ടറും എക്സൈസ് സംഘം കൊണ്ടു പോയി. വിജിലൻസ് അന്വേഷണത്തിൽ ആരോപണം ശരിയെന്നു തെളിഞ്ഞു. സംഘത്തിലെ രണ്ടു പേർ പ്രതിയുടെ വാടക വീട്ടിൽ പോയി അഞ്ചു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും അവർ സ്വർണം പണയം വച്ചു 4.62 ലക്ഷം രൂപ നൽകിയെന്നും എക്സൈസ് കമ്മിഷണർക്കു നൽകിയ റിപ്പോർട്ടിൽ വിജിലൻസ് ഓഫിസർ ചൂണ്ടിക്കാട്ടിയിരുന്നു.

നിയമം പാലിക്കുന്നതിനു പകരം ഇവർ അധികാര ദുർവിനിയോഗവും ചട്ടലംഘനവും നടത്തി. സ്പിരിറ്റ് കേസിൽ ഉൾപ്പെട്ട പ്രതികളിൽ നിന്നു പണം അപഹരിച്ചു. നാലു കന്നാസ് സ്പിരിറ്റ് വച്ച ശേഷം തൊണ്ടി മുതൽ എന്ന പേരിൽ സ്കൂട്ടറും കൊണ്ടു പോയി. പ്രധാന റജിസ്റ്റർ ആയ ജിഡിയിൽ സമയം തിരുത്തി. ഇതെല്ലാം ഹീനവും അധികാര ദുർവിനിയോഗവും അച്ചടക്ക ലംഘനവും വകുപ്പിന് അപമാനവുമാണ്– റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

തുടർന്നാണു മൂന്നു പേരെയും സസ്പെൻഡു ചെയ്തത്. എന്നാൽ ആറു മാസത്തിനു ശേഷം ഇദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തു. പിന്നീടു ഇടുക്കി സ്പെഷൽ സ്ക്വാഡിൽ നിയമിച്ചു. അതിനിടെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. അതു തുടരുന്നതിനിടെയാണു മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ ഇപ്പോൾ റദ്ദാക്കിയത്.