അറ്റകുറ്റപ്പണി നീളുന്നു; ട്രെയിനുകളുടെ വൈകിയോട്ടം തുടരും

കൊച്ചി, പാലക്കാട്, കോഴിക്കോട് ∙ പാതയിലെ അറ്റകുറ്റപ്പണികൾക്കുള്ള സമയം ഡിസംബർ 21 വരെ ദീർഘിപ്പിച്ചതോടെ ട്രെയിനുകളുടെ വൈകിയോട്ടം തുടരും. ജോലികൾ നവംബർ 30നു തീർക്കാനായിരുന്നു മുൻ തീരുമാനം. നിലവിൽ ഒട്ടേറെ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. ശബരിമല സ്പെഷലുകൾകൂടി എത്തുന്നതോടെ സ്ഥിതി മോശമാകും.

തിരുവനന്തപുരം ഡിവിഷനിൽ 2016 ഓഗസ്റ്റിൽ തുടങ്ങിയ അറ്റകുറ്റപ്പണി ഇനിയും തീർന്നിട്ടില്ല. നാഗർകോവിൽ - കോട്ടയം പാസഞ്ചർ (56304) കൃത്യസമയത്ത് (2.45) തിരുവനന്തപുരത്ത് എത്തുമെങ്കിലും 10–20 മിനിറ്റ് വൈകിയാണ് അവിടെനിന്നു പുറപ്പെടുന്നത്. ഇതുമൂലം ആറു ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളുടെ യാത്രയും വൈകും. നാഗർകോവിൽ - കോട്ടയം പാസഞ്ചറിന്റെ വൈകിയോട്ടം ഒഴിവാക്കാൻ സമയം പുനഃക്രമീകരിക്കുകയോ വേഗം കൂടിയ മെമു ഉപയോഗിക്കുകയോ ചെയ്താൽ മതി. നാഗർകോവിൽ - കോട്ടയം വൈദ്യുതീകരിച്ച പാതയാണെങ്കിലും പാസഞ്ചർ ട്രെയിൻ ഡീസൽ എൻജിനിലാണ് ഓടുന്നത്.

അറ്റകുറ്റപ്പണിയുടെ പേരിൽ കണ്ണൂർ – കോഴിക്കോട് റൂട്ടിൽ ചില ട്രെയിനുകൾ റദ്ദാക്കിയതോടെ യാത്രാദുരിതം ഇരട്ടിയായി. മംഗളൂരു – കോയമ്പത്തൂർ പാസഞ്ചർ (56323), കോയമ്പത്തൂർ – മംഗളൂരു (56324) എന്നിവയാണു റദ്ദാക്കിയത്. 56323 പാസഞ്ചർ ഇപ്പോൾ കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ ഓടുന്നുണ്ട്. 56324 ട്രെയിൻ കോയമ്പത്തൂരിനും ഷൊർണൂരിനും ഇടയിലും. കണ്ണൂർ – കോഴിക്കോട് പാസഞ്ചർ (56654) റദ്ദാക്കിയിട്ടു മാസങ്ങളായി. നാഗർകോവിൽ – മംഗളൂരു ഏറനാട് എക്സ്പ്രസ് (16606) ഉച്ചയ്ക്കു 12.30നു കോഴിക്കോട് സ്റ്റേഷനിലെത്തുമെങ്കിലും മൂന്നുമണിക്കേ അവിടെനിന്നു പുറപ്പെടൂ. പരശുറാം, മംഗള എക്സ്പ്രസുകൾ ഒന്നും രണ്ടും മണിക്കൂറുകൾ വൈകിയോടുന്നതും പതിവ്. ഒക്ടോബർ 27നുശേഷം ഒരു ദിവസം മാത്രമാണ് (നവംബർ ഏഴ്) വേണാട് കൃത്യസമയത്തു ഷൊർണൂരിൽ എത്തിയത്. ഇന്നലെ കൊല്ലം - എറണാകുളം പാസഞ്ചർ അഞ്ചു മണിക്കൂറും ലോകമാന്യതിലക് - തിരുവനന്തപുരം രണ്ടു മണിക്കൂറും കന്യാകുമാരി – മുംബൈ സിഎസ്ടി ഒന്നര മണിക്കൂറും വൈകി.

സുരക്ഷ കഴിഞ്ഞു മതി സമയനിഷ്ഠ

സുരക്ഷാ ക്രമീകരണങ്ങളിലെ പിഴവുകളാണു തുടർച്ചയായ അപകടങ്ങൾക്കു കാരണമെന്നു കണ്ടെത്തിയിരുന്നു. പഴകിയ പാളങ്ങളും അറ്റകുറ്റപ്പണി നടത്താത്ത കോച്ചുകളും അപകടങ്ങൾക്കു വഴിവച്ചു. ലാഭം കൂട്ടാനായി ഓരോ കോച്ചും പരമാവധി ഉപയോഗിക്കുക എന്ന നയവും തിരിച്ചടിയായി. മുൻപ്, ആസ്‌തി നവീകരണത്തിന‌ു വരുമാനത്തിന്റെ 33% ചെലവാക്കിയിരുന്നു. പിന്നീട് അതു 12% മാത്രമാക്കി. സുരക്ഷ കഴിഞ്ഞു മതി സമയനിഷ്ഠ എന്ന തീരുമാനത്തിലേക്ക് എത്തിയത് അങ്ങനെയാണ്.