ശമ്പളം നൽകാൻ വഴിമുട്ടി കെഎസ്ആർടിസി

തിരുവനന്തപുരം∙ ശമ്പളം നൽകാൻ പണമില്ലാതെ കെഎസ്ആർടിസി സർക്കാരിന്റെ സഹായം തേടി. രണ്ടു ദിവസത്തിനുള്ളിൽ സർക്കാരിൽനിന്ന് 70 കോടി രൂപയുടെ സാമ്പത്തികസഹായം ലഭിക്കുമെന്ന് എംഡി: എ.ഹേമചന്ദ്രൻ പറഞ്ഞു. ശമ്പള വിതരണം ഒരാഴ്ച വൈകിയതോടെ തൊഴിലാളി സംഘടനകൾ പ്രതിഷേധത്തിനൊരുങ്ങുകയാണ്. 

അതേസമയം, അഞ്ചുമാസത്തെ പെൻഷൻ കുടിശിക വിതരണം ചെയ്യാൻ ഇതുവരെ നടപടിയൊന്നുമായിട്ടില്ല. സർക്കാരിൽനിന്നുള്ള സാമ്പത്തിക സഹായമില്ലാതെ ശമ്പളം നൽകാൻ കഴിയില്ലെന്ന് എംഡി കഴിഞ്ഞമാസം സർക്കാരിനു കത്തു നൽകിയിരുന്നു. എന്നാൽ സർക്കാർ തീരുമാനം വൈകി. 

തുടർന്നു ജില്ലാ സഹകരണ ബാങ്കുകളെ വായ്പയ്ക്കുവേണ്ടി സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കോട്ടയം, തൃശൂർ ജില്ലാ സഹകരണ ബാങ്കുകളിൽ 60 കോടി രൂപയ്ക്കു വീതവും കൊല്ലം ജില്ലാ സഹകരണ ബാങ്കിൽ 50 കോടി രൂപയ്ക്കും ആലപ്പുഴയിൽ 35 കോടി രൂപയ്ക്കും വായ്പാ അപേക്ഷ നൽകിയെങ്കിലും തീരുമാനമായില്ല.