കൊട്ടാക്കമ്പൂർ ഭൂമിയിടപാട്: റജിസ്റ്റർ കാണാനില്ലെന്ന് ഹൈക്കോടതിയിൽ പൊലീസ്

കൊച്ചി∙ ജോയ്സ് ജോർജ് എംപിക്കെതിരെ ആരോപണമുയർന്ന കൊട്ടാക്കമ്പൂർ ഭൂമിയിടപാടിന്റെ അന്വേഷണത്തിന് ആവശ്യമുള്ള ചില രേഖകൾ കാണാനില്ലെന്നു പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.  പട്ടയം റദ്ദാക്കാൻ കാരണമായ േദവികുളം ആർഡി ഓഫിസിലെ രേഖകൾ പരിശോധിക്കണമെന്നും എത്രയും വേഗം പരിശോധന പൂർത്തിയാക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇടുക്കി എസ്പിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും റിപ്പോർട്ടിലുണ്ട്.   കൊട്ടാക്കമ്പൂർ വില്ലേജിലെ ഒരു സർവേ നമ്പറിൽപ്പെട്ട ഭൂമിയുടെ വിശദാംശങ്ങളടങ്ങുന്ന ഒന്ന്, രണ്ട് നമ്പറുകളിലെ റജിസ്റ്ററുകൾ ദേവികുളം താലൂക്ക് ഓഫീസിൽ ലഭ്യമല്ലെന്നാണ് മൂന്നാർ ഡിവൈഎസ്പി എസ്. അഭിലാഷ് നൽകിയ റിപ്പോർട്ടിലുള്ളത്.  

എന്നാൽ, ഭൂമി പതിച്ചു നൽകൽ അപേക്ഷയടങ്ങുന്ന എൽഎ ഫയലുകൾ, സ്ഥലം  സന്ദർശിച്ച് വില്ലേജ് ഓഫിസർ തയാറാക്കിയ സ്കെച്ച്, പ്ലാൻ തുടങ്ങിയ രേഖകൾ റവന്യൂ അധികൃതരുടെ പക്കൽ ലഭ്യമാണ്.

ഇടുക്കിയിലെ വിജിലൻസ് വിഭാഗം, കോട്ടയത്തെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലെ സംഘടിത കുറ്റാന്വേഷണ വിഭാഗം അധികൃതരോടു ഫയലുകളെക്കുറിച്ചു തിരക്കിയെങ്കിലും അവരുടെ പക്കലില്ലെന്നാണു മറുപടി.