വീരേന്ദ്രകുമാർ സഖ്യം വിട്ട് പുറത്തുവന്ന ശേഷമാകാം ലയനചർച്ച: ഡാനിഷ് അലി

കോഴിക്കോട് ∙ എൻഡിഎ സഖ്യത്തിലെ എംപിയായി തുടരുന്ന എം.പി.വീരേന്ദ്രകുമാർ ആ സഖ്യം വിട്ടു പുറത്തുവന്ന ശേഷം ലയന ചർച്ചകളെ കുറിച്ചു സംസാരിക്കാമെന്നു ജെഡിഎസ് ദേശീയ ജനറൽ സെക്രട്ടറി കെ.ഡാനിഷ് അലി. ജെഡിഎസിന്റെ നിലപാടുകളെ ബലി കഴിച്ചുകൊണ്ടുള്ള ഒരു യോജിപ്പും ആരുമായുമില്ല. ജെഡിഎസിന്റെ രാഷ്ട്രീയം അംഗീകരിക്കുന്ന ആർക്കും പാർട്ടിയിലേക്കു കടന്നുവരാമെന്നും ഡാനിഷ് അലി പറഞ്ഞു.

ശരത് യാദവിനെയും അൻവർ അലിയെയും അയോഗ്യരാക്കിയ നിതീഷ്കുമാർ വീരേന്ദ്രകുമാറിന്റെ കാര്യത്തിൽ നടപടി ഒന്നും എടുത്തിട്ടില്ല. അതിനർഥം അദ്ദേഹം എൻഡിഎയുടെ എംപിയായി തുടരുകയാണെന്നാണ്. അത്തരമൊരു സാഹചര്യത്തിൽ ലയന ചർച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. വീരേന്ദ്രകുമാർ യുഡിഎഫ് വിടാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നതായി ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ കെ.കൃഷ്ണൻകുട്ടി പറഞ്ഞു. എന്നാൽ, ജെഡിഎസിൽ ചേരുന്ന കാര്യം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.