തിരുവനന്തപുരത്ത് സഹ. സംഘം കംപ്യൂട്ടർ ശൃംഖലയിൽ സൈബർ ആക്രമണം; വിദേശ സംഘമെന്നു സൂചന

തിരുവനന്തപുരം∙ ഫയലുകൾ തുറക്കണമെങ്കിൽ മോചനദ്രവ്യം നൽകണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തു വീണ്ടും റാൻസംവെയർ സൈബർ ആക്രമണം. വാനാക്രൈ മാതൃകയിൽ ജില്ലാ മെർക്കന്റൈൽ സഹകരണ സംഘത്തിലെ കംപ്യൂട്ടർ ശൃംഖലയിലായിരുന്നു കടന്നുകയറ്റം. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു സഹകരണസംഘത്തിൽ സൈബർ ആക്രമണം.

സംഭവത്തിനു പിന്നിൽ വിദേശ സംഘമെന്നാണു സൈബർ സെല്ലിനു ലഭിച്ച സൂചന. കംപ്യൂട്ടർ പ്രവർത്തനരഹിതമാക്കി ബ്ലോക്ക് ചെയ്യുന്ന ഫയലുകൾ തുറന്നുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെടുന്നതാണു റാൻസംവെയർ. 23നു വൈകിട്ടു 4.30നായിരുന്നു മെർക്കന്റൈൽ സംഘത്തിലെ സൈബർ ആക്രമണം. പ്രവർത്തിച്ചുകൊണ്ടിരിക്കെ ഓഫിസിലെ സെർവർ ഓഫായി. ഓണാക്കിയപ്പോൾ ഒരു ഫയലും തിരിച്ചെടുക്കാൻ കഴിയാത്തവിധം ബ്ലോക്ക്(എൻക്രിപ്റ്റ്) ചെയ്തതായി സ്ക്രീനിൽ സന്ദേശം വന്നു.

മുമ്പു വാനാക്രൈ ഉണ്ടായപ്പോൾ കംപ്യൂട്ടറുകളിൽ പ്രത്യക്ഷപ്പെട്ട സന്ദേശത്തിനു സമാനമായിരുന്നു ഇത്. ഫയലുകൾ തിരികെ ലഭിക്കണമെങ്കിൽ(ഡിക്രിപ്റ്റ്) മോചനദ്രവ്യം വേണമെന്നും സന്ദേശം വന്നു. വിർച്വൽ കറൻസിയായ ബിറ്റ്കോയിൻ ലഭിക്കണമെന്നായിരുന്നു ആവശ്യം. നിർദേശിക്കുന്ന മെയ്‍ലിലേക്കു മറുപടി അയക്കാനും പിന്നീടു സന്ദേശം വന്നു. ബാങ്കിലെ സെർവറുമായി ബന്ധപ്പെടുത്തിയ കംപ്യൂട്ടറിനു നേരെയായിരുന്നു ആക്രമണം.

ആന്റി‌വൈറസ് ഉൾപ്പെടെ എല്ലാ കരുതലും ഉണ്ടായിരുന്നിട്ടും ആക്രമണം തടയാനായില്ല. മൂവായിരത്തിലേറെ ഇടപാടുകാരെ ഉൾക്കൊള്ളുന്ന മെർക്കന്റൈൽ സംഘത്തിന്റെ പ്രവർത്തനം ഫയലുകൾ നഷ്ടമായതുമൂലം സ്തംഭിച്ചു. എന്നാൽ അതതു ദിവസത്തെ ഡേറ്റ കോപ്പി ചെയ്തു മാറ്റിയിരുന്നതു കൊണ്ടു വലിയ പ്രതിസന്ധി ഒഴിവായി. സിസ്റ്റം ക്രമീകരിക്കുന്നതിന്റെ ഭാഗമായി 30 വരെ സംഘത്തിലെ ഇടപാടുകൾ നിർത്തിവച്ചു. സിറ്റി പൊലീസ് കമ്മിഷണർ, സൈബർഡോം, സൈബർസെൽ, ഹൈടെക് സെൽ എന്നിവർക്കു പരാതി നൽകി.