ഷെറിന്റെ മരണം: മലയാളി ദമ്പതികൾക്ക് സ്വന്തം മകളെയും ‘നഷ്ടമായി’

ഷെറിൻ മാത്യൂസ്

ഹൂസ്റ്റൻ∙ വളർത്തുമകൾ ഷെറിൻ മാത്യൂസ് എന്ന മൂന്നു വയസ്സുകാരി ദുരൂഹമായി മരണപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലായ മലയാളി ദമ്പതികൾക്കു സ്വന്തം കുഞ്ഞിന്റെയും രക്ഷാകർതൃത്വം നഷ്ടമായി. വെസ്‌ലി മാത്യൂസും (37) സിനി മാത്യൂസും (35) സ്വന്തം മകളുടെ മാതാപിതാക്കളെന്ന അവകാശം വിട്ടുകൊടുക്കുന്നതായി ഡാലസിലെ കോടതിയെ അറിയിച്ചു. വിലങ്ങുവച്ചാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്.

വളർത്തുപുത്രിയെ സംരക്ഷിക്കാൻ കഴിയാത്തതിനാൽ സ്വന്തം മകളെ കാണാൻ കോടതി ഇവർക്കു വിലക്കേർപ്പെടുത്തിയിരുന്നു. നാലു വയസ്സുള്ള ഈ കുട്ടിയെ ഇപ്പോൾ ബന്ധുക്കളാണു നോക്കുന്നതെങ്കിലും ചൈൽഡ് പ്രൊട്ടക്ടീവ് സർവീസിന്റെ (സിപിഎസ്) സംരക്ഷണത്തിലാണ്. മാതാപിതാക്കൾക്ക് ഇനി കുട്ടിയുടെ മേലുള്ള അവകാശം തിരിച്ചുകിട്ടുകയില്ലെന്നതിനാൽ സിപിഎസിന്റെ ചുമതലയിൽ ആയിരിക്കും കുട്ടിയെ വളർത്തുക.

ജയിലിൽ കഴിയുന്ന വെസ്‌ലിയുടെ മേൽ കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണു ചാർത്തിയിട്ടുള്ളത്. ജീവഹാനി സംഭവിക്കുംവിധം കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിനാണു സിനി തടവിൽ കഴിയുന്നത്.