വള്ളംകളി ലീഗിന് ബജറ്റിൽ പത്തു കോടി; വിനോദസഞ്ചാര വകുപ്പിന്റെ പിന്തുണയിൽ ലീഗ് ഈ വർഷം

ആലപ്പുഴ ∙ ലീഗ് അടിസ്ഥാനത്തിൽ വള്ളംകളി നടത്തുന്നതിനു ബജറ്റിൽ 10 കോടി രൂപ. കഴിഞ്ഞ നെഹ്റു ട്രോഫി സീസണിലാണു വിവിധ സ്ഥലങ്ങളിലെ വള്ളംകളികളെ കോർത്തിണക്കി കേരള ബോട്ട് റേസ് ലീഗ് എന്ന പേരിൽ മത്സരം നടത്ത‍ുന്നതിനെപ്പറ്റി ആശയം ഉയർന്നത്. മന്ത്രി ടി.എം.തോമസ് ഐസക് ലീഗിനായി മുന്നോട്ടു നീങ്ങിയെങ്കിലും സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളും സ്പോൺസർമാരെ കണ്ടെത്താനുള്ള ബുദ്ധിമുട്ടും ഉൾപ്പെടെ വിലങ്ങുതടിയായി.

ധൃതിപിടിച്ചു മത്സരം നടത്തുന്നതിനു പകരം വിശദമായ ആസൂത്രണം നടത്തി വിനോദ സഞ്ചാര വകുപ്പിന്റെ കൂടി പിന്തുണയോടെ ഇത്തവണ ബോട്ട് റേസ് ലീഗ് നടത്താനാണു പദ്ധതി. നെഹ്റു ട്രോഫി ജലോത്സവമാകും പ്രധാന മത്സരം. കൊല്ലം ജലോത്സവം ഉൾപ്പെടെ ആഴ്ചയിൽ ഒരു വള്ളംകളിയെങ്കിലും നടത്തുകയാണു ലക്ഷ്യം.