നീറ്റ് ലക്ഷ്യമിട്ട് ഹയർ സെക്കൻഡറി പുസ്തകങ്ങൾ മലയാളത്തിലാക്കും

Representative Image

തിരുവനന്തപുരം∙ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്)  മലയാളത്തിൽ കൂടി എഴുതാൻ ഭാവിയിൽ അനുവാദം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഹയർ സെക്കൻഡറി പാഠപുസ്തകങ്ങൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യാൻ സർക്കാർ തീരുമാനം.

തൽക്കാലം സയൻസ് വിഷയങ്ങളാണ് മലയാളത്തിലാക്കുക. തുടർന്ന് എല്ലാ വിഷയങ്ങളും മലയാളത്തിലേക്കു വിവർത്തനം ചെയ്ത് എസ്‌സിഇആർടി പ്രസിദ്ധീകരിക്കും. വിവിധ വിഷയങ്ങളിലെ സാങ്കേതിക പദങ്ങളുടെ മലയാള പരിഭാഷ ഉൾപ്പെടുന്ന നിഘണ്ടുവും എസ്‌സിഇആർടി തയാറാക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ചു തീരുമാനമെടുത്തത്. കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കംപ്യൂട്ടർ സയൻസ് എന്നിവയാണ് ഉടനെ വിവർത്തനം ചെയ്യുക.

ദേശീയ തലത്തിൽ  എൻസിഇആർടി തയാറാക്കിയ ഇംഗ്ലിഷ് പാഠപുസ്തകങ്ങളാണ് കേരള ഹയർ സെക്കൻഡറിയിലും പഠിപ്പിക്കുന്നത്. ഇതിന്റെ പകർപ്പവകാശം വാങ്ങി കേരളത്തിൽ അച്ചടിച്ചു വിതരണം ചെയ്യുകയാണിപ്പോൾ. എൻസിഇആർടി പ്രസിദ്ധീകരിക്കാത്ത പുസ്തകങ്ങൾ  മാത്രമേ ഇവിടെ തയാറാക്കാറുള്ളൂ. സിബിഎസ്ഇയിലും കേരള സിലബസിലും ഒരേ പാഠ്യപദ്ധതിയായതിനാൽ കഴിഞ്ഞ കുറെക്കാലമായി കേരള ഹയർ സെക്കൻഡറിയിൽ വിദ്യാർഥികൾ വർധിക്കുന്നുണ്ട്. നീറ്റ് ലക്ഷ്യമിട്ടാണ് പുസ്തകം മലയാളത്തിലാക്കുന്നതെങ്കിലും ഭാവിയിൽ ഹയർ സെക്കൻഡറിയിലെ ഭാഷാ പുസ്തകങ്ങൾ ഒഴികെ എല്ലാം മലയാളത്തിലാക്കാനാണു തീരുമാനം. ദേശീയതലത്തിൽ നടത്തുന്ന മറ്റു മത്സര പരീക്ഷകളും മാതൃഭാഷയിൽ എഴുതാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇതെന്ന് അധികൃതർ പറയുന്നു. ആകെ 39 വിഷയങ്ങളാണ് ഉള്ളത്. മലയാള വിവർത്തനത്തിന് 20നു ചേരുന്ന കരിക്കുലം കമ്മിറ്റി അംഗീകാരം നൽകിയേക്കും. ഇതിനായി അധ്യാപകരുടെ  ശിൽപശാല എസ്‌സിഇആർടി വൈകാതെ സംഘടിപ്പിക്കും.

സാങ്കേതിക പദങ്ങളുടെ വിവർത്തനം അടങ്ങുന്ന കരട് നിഘണ്ടു എസ്‌സിഇആർടിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. താൽപര്യമുള്ളവർക്ക് ഇതിൽ മാറ്റങ്ങൾ നിർദേശിക്കാം. അവ പരിശോധിച്ചു ഭേദഗതി വരുത്തിയ ശേഷം നിഘണ്ടു പ്രസിദ്ധീകരിക്കും. വിദ്യാർഥികൾക്ക് അധിക വായനയ്ക്കായി എസ്‌സിഇആർടി 10 പുസ്തകങ്ങൾ കൂടി തയാറാക്കുന്നുണ്ട്. ഇവ സ്കൂൾ ലൈബ്രറികൾക്കു നൽകും.

ഹയർസെക്കൻഡറി പരീക്ഷ  ഇപ്പോൾ ഇംഗ്ലിഷിലോ മലയാളത്തിലോ എഴുതാം. അധ്യയന മാധ്യമം  ഇംഗ്ലിഷാണ്. ഭാവിയിൽ ഇതു മലയാളത്തിലേക്ക് മാറ്റുന്നതിനാണ് പുസ്തകം മലയാളത്തിലാക്കുന്നതെന്ന് ഇതിനെ എതിർക്കുന്നവർ ആരോപിക്കുന്നു.