Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസി പെൻഷൻ വിതരണം 20 മുതൽ

1-bus

തിരുവനന്തപുരം∙ കെഎസ്ആർടിസി പെൻഷൻ കുടിശിക 20 മുതൽ വിതരണം ചെയ്യാൻ സഹകരണ ബാങ്കുകളുടെ കൺസോർഷ്യവുമായി സർക്കാർ നടത്തിയ ചർച്ചയിൽ ധാരണയായി. 28നകം കുടിശിക പൂർണമായി നൽകും. പെൻഷൻതുക നേരത്തെ ലഭിച്ചിരുന്ന ബാങ്ക് ബ്രാഞ്ചുകളുടെ സമീപത്തുള്ള സഹകരണ ബാങ്കിലോ സംഘങ്ങളിലോ പെൻഷൻകാർ അക്കൗണ്ട് തുടങ്ങണം. അക്കൗണ്ടിലേക്കു കുടിശിക അടക്കമുള്ള തുക സഹകരണ ബാങ്കുകളുടെ കൺസോർഷ്യം ലീഡർ ആയ സംസ്ഥാന സഹകരണ ബാങ്ക് നിക്ഷേപിക്കുമെന്നു യോഗത്തിനു ശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

സംസ്ഥാന സഹകരണ ബാങ്കിനെ കൺസോർഷ്യം ലീഡർ ആക്കി പ്രാഥമിക സഹകരണ കാർഷിക വായ്പാ സംഘങ്ങളെ ഉൾപ്പെടുത്തി പെൻഷൻ വിതരണത്തിനു തുക സമാഹരിക്കാനുള്ള തീരുമാനത്തിനു പ്രതീക്ഷിച്ചതിനേക്കാൾ വലിയ പിന്തുണയാണു ലഭിച്ചതെന്നു മന്ത്രി പറഞ്ഞു. 198 സംഘങ്ങൾ പണം നൽകാൻ തയാറാണെന്നു സർക്കാരിനെ അറിയിച്ചു. എന്നാൽ ആദ്യഘട്ടത്തിൽ ഇത്രയും തുക ആവശ്യമില്ലാത്തതിനാൽ നാലു ജില്ലകളിലെ 24 സംഘങ്ങളിൽ നിന്നു മാത്രം പണം സമാഹരിക്കാൻ തീരുമാനിച്ചു.

കോഴിക്കോട് ജില്ലയിലെ 14 സംഘങ്ങളിൽ നിന്നായി 140 കോടി രൂപയും എറണാകുളം ജില്ലയിലെ നാലു സംഘങ്ങളിൽ നിന്ന് 50 കോടി രൂപയും പാലക്കാട് ജില്ലയിലെ മൂന്നു സംഘങ്ങളിൽ നിന്ന് 30 കോടി രൂപയും തിരുവനന്തപുരം ജില്ലയിലെ മൂന്നു സംഘങ്ങളിൽ നിന്ന് 30 കോടി രൂപയും ഉൾപ്പെടെ ആദ്യഘട്ടത്തിൽ 250 കോടി സമാഹരിക്കും. കുടിശിക തീർക്കാൻ 219 കോടിയാണു വേണ്ടത്.

701 സഹകരണ സംഘങ്ങൾ വഴിയാണു​ തുക വിതരണം. ആദ്യ ഗഡുവിൽ ഏറ്റവും കൂടുതൽ തുക​ ചെലവഴിക്കുന്നത്​ 12266 പെൻഷൻകാരുള്ള തിരുവനന്തപുരം ജില്ലയിലാണ്​. കുടിശികയടക്കം 70.31 കോടി രൂപയാണു​ തിരുവനന്തപുരത്തു വേണ്ടത്. തുടർമാസങ്ങളിൽ കൃത്യമായി പെൻഷൻ തുക അതതു സഹകരണ ബാങ്കുകളിലെ കെഎസ്ആർടിസി പെൻഷൻകാരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്നു മന്ത്രി അറിയിച്ചു.

കെഎസ്ആർടിസി പെൻഷൻ നൽകുന്നതിലൂടെ സഹകരണമേഖല തകരുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ഇരട്ടത്താപ്പാണെന്നു മന്ത്രി കടകംപള്ളി പറഞ്ഞു. കെഎസ്ആർടിസി പെൻഷൻകാരുടെ പ്രശ്നം പരിഹരിക്കണമെന്ന ആത്മാർത്ഥമായ ആഗ്രഹമില്ലെന്നു വ്യക്തമാക്കുന്നതാണ് ആരോപണം.

സർക്കാരിന്റെ ഗാരന്റിയുടെ അടിസ്ഥാനത്തിലാണു പണം നൽകുന്നത്. ബജറ്റിൽ ഇതിനായി തുക വകയിരുത്തിയിട്ടുണ്ടെന്നതിനാൽ 10 ശതമാനം പലിശ സഹിതം യഥാസമയത്തു വായ്പാത്തുക പ്രാഥമിക സംഘങ്ങൾക്കു മടക്കി നൽകുമെന്നു സഹകരണ വകുപ്പ് സെക്രട്ടറി പി.വേണുഗോപാൽ അറിയിച്ചു.

∙ ആകെ പെൻഷൻകാർ 39045

∙ പെൻഷൻ കുടിശിക 219 കോടി രൂപ

∙ അടുത്ത ആറുമാസത്തേക്കു പെൻഷനു വേണ്ട തുക 360 കോടി.

∙ 10 ശതമാനം പലിശനിരക്കിൽ സർക്കാർ തിരിച്ചടയ്ക്കേണ്ട തുക 605 കോടി.

സംഘങ്ങൾക്ക് മികച്ച വരുമാനമാർഗം

കെഎസ്ആർടിസി പെൻഷൻ വിതരണം ഏറ്റെടുക്കുന്നതു പ്രാഥമിക സഹകരണ കാർഷിക വായ്പാ സംഘങ്ങൾക്കു മികച്ച വരുമാനമാർഗം കൂടിയാകും. ബാങ്കുകളിൽ കെട്ടിക്കിടക്കുന്ന അധിക നിക്ഷേപത്തുക പെൻഷൻ നൽകാൻ കൈമാറുമ്പോൾ സംഘങ്ങൾക്കു ലഭിക്കുന്നത് 10 ശതമാനം എന്ന ഉയർന്ന പലിശാനിരക്കാണ്.

സർക്കാർ ചോദിച്ചയുടൻ 198 സംഘങ്ങൾ പെൻഷൻ തുക നൽകാൻ തയാറായതിനു പിന്നിലെ സാമ്പത്തികശാസ്ത്രവും ഇതുതന്നെ. തുക കോടികളായതിനാൽ പലിശയിനത്തിൽ 1.75 ശതമാനത്തിന്റെ വർധന സംഘങ്ങൾക്കു വലിയ വരുമാനമാർഗമാകും.

പ്രാഥമിക സംഘങ്ങൾ വായ്പ നൽകിയതിനു ശേഷമുള്ള നിക്ഷേപത്തുക ജില്ലാ സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കണമെന്നാണു ചട്ടം. ജില്ലാ സഹകരണ ബാങ്കുകൾ ഇത്തരം നിക്ഷേപങ്ങൾക്കു നൽകുന്നതു പരമാവധി പലിശ 8.25 ശതമാനം മാത്രം.