‘അഡാറ് ലവ്’ ഗാനം: മഹാരാഷ്ട്രയിലും പരാതി

ഔറംഗാബാദ് (മഹാരാഷ്ട്ര) ∙ ‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നതായി ആരോപിച്ചു ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാരിയർക്കും സംവിധായകൻ ഒമർ ലുലുവിനും എതിരെ പ്രാദേശിക സംഘടന പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് കേസ് എടുത്തിട്ടില്ല. ഗാനത്തിന്റെ വിഡിയോ ബ്ലോക്ക് ചെയ്യണമെന്ന ആവശ്യവുമായി മുംബൈയിലെ റാസ അക്കാദമി സെൻസർ ബോർഡിനെ സമീപിച്ചിട്ടുമുണ്ട്. ഗാനത്തിനെതിരെ മുംബൈ മിനാര മസ്ജിദിനു മുന്നിൽ പ്രതിഷേധപ്രകടനവും നടത്തി.