ഇഎസ്എ കരട് വിജ്ഞാപനത്തിൽ വരാത്തിടത്ത് ക്വാറി: പരിസ്ഥിതി അപേക്ഷ പരിഗണിക്കാം

കൊച്ചി ∙ കേന്ദ്രസർക്കാരിന്റെ പരിസ്ഥിതിലോല മേഖല (ഇഎസ്എ) സംബന്ധിച്ച കരട് വിജ്ഞാപനത്തിൽ ഒഴിവാക്കപ്പെട്ട മേഖലകളിൽ ക്വാറി പ്രവർത്തനത്തിനു പരിസ്ഥിതി അനുമതിക്കുള്ള അപേക്ഷ പരിഗണിക്കാൻ തടസ്സമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. 

ഇടുക്കി പീരുമേട് വില്ലേജിലെ ഹൈറേഞ്ച് മെറ്റൽ ക്രഷേഴ്സ് ഉൾപ്പെടെ മൂന്നു ക്വാറികളുടെ ഉടമകൾ നൽകിയ ഹർജി അനുവദിച്ച കോടതി, ഹർജിക്കാരുടെ പരിസ്ഥിതി അനുമതിയപേക്ഷ പരിഗണിക്കാൻ പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയോടു നിർദേശിച്ചു. ഹർജിക്കാരുടെ ഭൂമിയുൾപ്പെട്ട കോന്നി (പത്തനംതിട്ട), കൂട്ടിക്കൽ (കോട്ടയം), പീരുമേട് (ഇടുക്കി) എന്നിവ ഇഎസ്എയിൽപ്പെട്ടതാണെങ്കിലും പ്രത്യേക ബ്ലോക്ക് നമ്പറിലും സർവേ നമ്പറിലുമുൾപ്പെട്ട പ്രദേശങ്ങളാണ് പട്ടികയിലുൾപ്പെട്ടത്.