Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൻ പ്രകമ്പനത്തോടെ ക്വാറിയിൽ സ്ഫോടനം; ആന്ധ്രയിൽ 11 മരണം, വീടുകളിൽ വിള്ളൽ

Kurnool-Blast-Andhra-Blast-Stone-Quarry കുർണൂലിലെ കരിങ്കൽ ക്വാറിയിലുണ്ടായ സ്ഫോടനം (ചിത്രം: എഎൻഐ)

ആന്ധ്ര∙ ആന്ധ്ര പ്രദേശിലെ കുർണൂലിൽ കരിങ്കൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ 11 പേർ മരിച്ചു. ഹാഥി ബെൽഗാളിലെ ക്വാറിയിൽ രാത്രി എട്ടരയോടെയായിരുന്നു അപകടം. ക്വാറിയിൽ പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളാണു പൊട്ടിത്തെറിച്ചത്. തുടർന്നു ചിതറിത്തെറിച്ച പാറകൾക്കടിയിൽപ്പെട്ട് ഒട്ടേറെ പേർക്കു പരുക്കുമേറ്റിട്ടുണ്ട്.

സ്വകാര്യ ഉടമസ്ഥതയിലുള്ള ക്വാറിയിലാണു സംഭവം. വൻ സ്ഫോടനമാണുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സ്ഫോടനത്തിൽ കൂറ്റൻ പാറക്കഷ്ണങ്ങൾ ചിതറിത്തെറിച്ചു. ഇവയിലൊന്ന് തൊഴിലാളികൾ വിശ്രമിക്കുന്ന ചെറുകുടിലിലാണു പതിച്ചത്. മുപ്പതോളം പേർ ഇവിടെയുണ്ടായിരുന്നു.

ക്വാറിയിലുണ്ടായ തീപ്പൊരി മറ്റു സ്ഫോടന വസ്തുക്കളിലേക്കു പടർന്നാണു തീപിടിത്തമുണ്ടായത്. മൂന്നു ട്രാക്ടറുകളും ഒരു ട്രക്കും മറ്റൊരു ഷെഡും പൂർണമായി കത്തി നശിച്ചു. സമീപഗ്രാമങ്ങളിലേക്കു വരെ സ്ഫോടനത്തിന്റെ പ്രകമ്പനമെത്തി. ഒട്ടേറെ വീടുകളുടെ ചുമരുകളിൽ വിള്ളലുണ്ടായിട്ടുണ്ട്. പലരും ഭൂകമ്പമാണെന്നു കരുതി വീടുവിട്ട് ഇറങ്ങിയോടി.

പാറയ്ക്കടിയിൽപ്പെട്ടാണു മരണത്തിലേറെയും. രാത്രി പന്ത്രണ്ടര വരെ 11 മൃതദേഹങ്ങൾ കണ്ടെടുത്തു. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോർട്ട്. തൊഴിലാളികളെല്ലാവരും ഒഡിഷയിൽ നിന്നുള്ളവരാണ്. പരുക്കേറ്റവരെ അലുരു ഗവ. ആശുപത്രിയിലേക്കു മാറ്റി. കുർണൂൽ ജില്ലാ കലക്ടറിൽ നിന്ന് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു റിപ്പോർട്ട് തേടി.